ആലപ്പുഴ: അടുത്തദിവസങ്ങളിൽ ട്രെയിനുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ക്രമീകരണങ്ങൾ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രിൽ നടത്തി. ജില്ല കളക്ടർ എം അഞ്ജന മേൽനോട്ടം വഹിച്ചു. രോഗലക്ഷണമുള്ളവർക്കും അല്ലാത്തവർക്കുമായി ട്രെയിനിറങ്ങി സ്റ്റേഷൻ വിടുംവരെ ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് മോക്ഡ്രില്ലിലൂടെ ആവിഷ്കരിച്ചത്.

ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് മൈക്കിലൂടെ യഥാസമയം നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. റെയിൽവേ പൊലീസ്, സംസ്ഥാന പോലീസ് ,ആരോഗ്യ പ്രവർത്തകർ, ഫയർ ഫോഴ്‌സ്, എ ഡി ആർ എഫ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പി പി ഇ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെ സേവനമൊരുക്കാൻ രംഗത്തുണ്ടാകും.

സ്റ്റേഷനിൽ ഇറങ്ങിയവർ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയ വെളുത്ത വരകളിൽ സാമൂഹ്യ അകലം പാലിച്ച് നിൽക്കണം. തുടർന്ന് ഇവർ നിർദേശിക്കുന്ന വശങ്ങളിലായി ലഗേജുകൾ വയ്ക്കണം. ഉടൻ ഫയർ ഫോഴ്‌സ്,എ ഡി ആർ എഫ് അംഗങ്ങളെത്തി അവ അണുവിമുക്തമാക്കും.

ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വെള്ള വരകളിൽ നിന്ന് മാറി സമീപം രേഖപ്പടുത്തിയ ചുവപ്പ് വരയിൽ നിലയുറപ്പിക്കണം. തുടർന്ന് ഇവർ നിർദേശാനുസൃതം മുന്നോട്ടുനീങ്ങി മെഡിക്കൽ കൗണ്ടറിൽ പ്രാഥമിക പ‌രിശോധനയ്ക്ക് വിധേയരാകണം. ഡോക്ടർ,ഹെൽത്ത് ഇൻസ്‌പെക്ടർ,നഴ്‌സുമാർ എന്നിവരുൾപ്പെടെ ആരോഗ്യ പ്രവർത്തകർ കൗണ്ടറിൽ സുസജ്ജരായുണ്ടാകും. ചുവപ്പു വരയിലൂടെ വന്നവരെ തുടർന്ന് സ്റ്റേഷനു മുന്നിൽ ഒരുക്കിനിർത്തിയ ആംബുലൻസിലേക്ക് പ്രവേശിപ്പിക്കും.

രോഗലക്ഷണമില്ലാത്ത, വെളുത്ത വരയിൽ നിലയുറപ്പിച്ചവർ സ്റ്റേഷനിൽ ഒരുക്കിയ ഒന്ന് (എ),ഒന്ന് (ബി) കൗണ്ടറുകളിലേക്ക് നിർദേശാനുസരണം എത്തി കൈകൾ അണുവിമുക്തമാക്കി , പനിയുണ്ടോയെന്നറിയാൻ തെർമൽ സ്ക്രീനിങ്ങിന് വിധേയരാകണം. ഈ കൗണ്ടറുകളിൽ നിന്ന് മാർഗനിർദേശങ്ങളും
ലഭ്യമാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ കോവിഡ് – 19 ജാഗ്രത വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ സർക്കാർ നിർദ്ദേശം ഉണ്ട്.

റെയിൽവേ സ്റ്റേഷനു പുറത്ത് പന്തലിട്ട എത്തിയവർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. പന്തലിൽ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചു, ജില്ലതിരിച്ച് ഒരുക്കിയിരിക്കും.

സ്റ്റേഷനിൽനിന്ന് സ്വന്തം വാഹനത്തിലോ, പ്രത്യേക സർവീസ് നടത്തുന്ന ന കെഎസ്ആർടിസി ബസ്സിലോ വീട്ടിലേക്ക് പോകാം. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സ്റ്റേഷന് മുൻവശത്ത് പാർക്ക് ചെയ്ത കെ എസ് ആർ ടി സി ബസുകളിലേക്ക് പ്രവേശിപ്പിക്കും. ഇതും സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും. മൈക്കിലൂടെ അറിയിക്കുന്ന ക്രമത്തിനനുസരിച്ചാകും ബസുകളിലേക്കുള്ള പ്രവേശനം. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഈ വാഹനങ്ങൾക്കുള്ള, മേഖല തിരിച്ചുള്ള പാർക്കിംഗ് സൗകര്യവും ,നേരത്തെ തന്നെ നിശ്ചയിച്ച് നൽകും.

ട്രെയിൻ മാർഗം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തുന്ന നടപടിക്രമങ്ങളുടെ പൂർണ്ണ ആവിഷ്കരണമാണ് മോക്ക് ഡ്രില്ലിൽ നടന്നത്. എഡിഎം ജെ മോബി, ഡി എം ഒ എൽ അനിതകുമാരി,ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, ആർ ഡി ഒ എസ് സന്തോഷ്‌കുമാർ എന്നിവരും സന്നിഹിതരായിരുന്നു.