എറണാകുളം : ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാരണക്കോടം തോട്ടിലെ ചെളി നീക്കൽ പ്രവർത്തനങ്ങൾ കലക്ടർ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി.

ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂവിന്റെ ഒന്നാം ഘട്ടത്തിൽ കാരണക്കോടം തോടിന്റെ മൂന്ന് ഭാഗങ്ങളിലെ എക്കൽ നീക്കം ചെയ്തിരുന്നു. നാല് റീച്ചുകൾ ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മെയ്‌ 30ന് മുൻപായി ഈ പ്രവർത്തനങ്ങൾ തീർക്കാൻ ആണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്.

കലൂർ സ്റ്റേഡിയം -കത്രിക്കടവ് ഭാഗങ്ങളിലെ വെള്ളം ചിലവന്നൂർ കായലിൽ എത്തിക്കുന്നത് കാരണക്കോടം തോട് വഴിയാണ്.
പ്രദേശത്തു നടക്കുന്ന ജോലികളെ കുറിച്ചുള്ള വിവരങ്ങൾ കളക്ടർ പ്രദേശവാസികൾക്ക് വിവരിച്ചു നൽകി. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്ര ആഴത്തിൽ തോട്ടിലെ അഴുക്ക് നീക്കുന്നതെന്ന് പ്രദേശ വാസികൾ പറഞ്ഞു.
മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ, പദ്ധതി നിർവഹണം നടത്തുന്ന ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജാത തുടങ്ങിയവര്യം കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
തേവര കായൽമുഖം, ചെങ്ങാടംപോക്ക് തോട്, കോയിത്ര കനാൽ, ചിലവന്നൂർ കായൽ മുഖം എന്നീ സ്ഥലങ്ങളിലെയും ജോലികൾ പുരോഗമിച്ചു വരികയാണ്. ഈ മാസം അവസാനത്തോട് കൂടി എല്ലാ ജോലികളും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.