എറണാകുളം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളും യാത്രാ സൗകര്യവും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുമ്പോൾ പ്രാദേശിക തലത്തിൽ ക്വാറന്റെൻ സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ഇതിനായി നിലവിൽ വിവിധ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കണ്ടെത്തിയിരിക്കുന്ന ഒഴിഞ്ഞ് കിടക്കുന്ന വീടുകളെ ക്വാറന്റെൻ സൗകര്യത്തിനായി ഒരുക്കണം. പഞ്ചായത്ത്, വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികൾക്കാണ് ഇതിന്റെ ചുമതല. ബന്ധപ്പെട്ട എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇക്കാര്യം ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കും.

വിവിധ കാരണങ്ങളാൽ സ്വന്തം വീടുകളിൽ ക്വാറൻന്റെയിനിൽ കഴിയാൻ സാധിക്കാത്തവർക്കാണ് അവരുടെ പ്രദേശങ്ങളിൽ ഒഴിഞ്ഞ വീടുകളിൽ സൗകര്യം ഒരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം രോഗമുള്ളവരല്ല. ഇങ്ങനെ തിരിച്ചെത്തുന്നവർക്കെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ഉയരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളും മഴക്കാലപൂർവ തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ചേർന്ന ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വികേന്ദ്രീകൃത രീതിയിലാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതെന്ന് യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. നദികളിലും തോടുകളിലും അടിഞ്ഞ്കൂടിയ ചെളി നീക്കം ചെയ്യുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോവിഡ്, മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കലൂരിൽ ഏകോപന കേന്ദ്രം പ്രവർത്തിക്കും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്ത് മറ്റു ജില്ലകളുമായി പ്രവർത്തന ഏകോപനം സാധ്യമാക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.

ലോക്ക് ഡൗൺ കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം വിവിധ മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ എസ്. ശർമ്മ, കെ.ജെ മാക്സി, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, വി.ഡി സതീശൻ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.ജെ വിനോദ്, എൽദോ എബ്രഹാം, പി.ടി തോമസ്, എം സ്വരാജ്, ജോൺ ഫെർണാണ്ടസ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ, എസ്.പി കെ. കാർത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ജി. പൂങ്കുഴലി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു