ഐക്യമത്യം  മഹാബലം എന്നതുപോലെ ഒത്തുപിടിച്ചാല്‍ ഏതുരോഗവും നിഷ്‌കാസനം ചെയ്യുവാനും ഏതുശീലവും മാറ്റിയെടുക്കുവാനും നമുക്ക് കഴിയുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉദുമ നിയോജക മണ്ഡലത്തിനായി നടത്തിയ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ച ശില്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ശീലങ്ങള്‍ മാറ്റണമെന്ന സന്ദേശമാണ് പ്ലാസ്റ്റിക് മുക്തതയിലൂടെയും ശുചിത്വകേരളം എന്ന പദ്ധതിയിലൂടെയും ലക്ഷ്യമിടുന്നത്. ഇത് നമുക്ക് നമ്മേയും വരും തലമുറയേയും രക്ഷിക്കുവാനുള്ള ഏറ്റവും വലിയ അവസരമാണ്. അത് നാം പരാമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും നിര്‍ബന്ധമായും ആരോഗ്യകാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ഡോ.വിപിന്‍ നായര്‍ പറഞ്ഞു. ഇത്തരം കാര്‍ഡുകളിലൂടെ ഓരോ അംഗങ്ങളുടെയും ആരോഗ്യത്തെ വിലയിരുത്തി മികച്ച ചികിത്സ നല്‍കാന്‍ കഴിയുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പുല്ലൂര്‍-പെരിയ പിഎച്ച്‌സിയിലെ കുട്ടികളുടെ സ്‌പെഷലിസ്റ്റ് കൂടിയായ ഡോ. വിപിന്‍ നായര്‍ ബോധവത്ക്കരണ ക്ലാസില്‍ പറഞ്ഞു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍  അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. ഇന്ദിര, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍പേഴ്‌സണ്‍ ടി.ബിന്ദു,  ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.വി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അഭിഷേക് വി ജെയിംസണ്‍ നന്ദിയും പറഞ്ഞു.
ശില്‍പ്പശാലയോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-ശുചിത്വ ചിത്രപ്രദര്‍ശനവും നടത്തി. ജില്ലാഭരണകൂടം, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.