എറണാകുളം : അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പരമാവധി ആളുകൾക്ക് വീടുകളിൽ തന്നെ നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും അതിന് സൗകര്യമില്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും മന്ത്രി വി. എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ജില്ലയിലെ പഞ്ചായത്ത്‌ സെക്രട്ടറിമാരുമായി മന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് നിരീക്ഷണ സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയത്. ഉടമസ്ഥരിൽ നിന്ന് അനുവാദം ലഭിച്ച വീടുകളുടെ ശുചീകരണം വാർഡ് തല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തണം.

ജില്ല ഭരണകൂടത്തിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ അയക്കുന്ന അവസ്ഥ ഇല്ലാതാവണം. വാർഡ് തല, പഞ്ചായത്ത്‌ തല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ വാർഡ് തല കമ്മിറ്റികൾ നിറവേറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിയമ സഭ മണ്ഡലങ്ങളിൽ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും വിവരിക്കുകയും ചെയ്യണം.

എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാസ്കുകൾ വീട്ടിൽ എത്തിച്ചു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡ് തല കമ്മിറ്റികളുടെ സേവനം അതിനായി ഉപയോഗപ്പെടുത്തണം. ആവശ്യമായ മാസ്കുകൾ സ്കൂളുകളിൽ നിന്ന് ശേഖരിച്ചു വേണം വീടുകളിൽ എത്തിച്ചു നൽകാൻ.

മഴക്കാലത്തിന് മുന്നോടിയായി തോടുകളിലെയും പുഴകളിലെയും കനാലുകളിലെയും മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടണമെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ നിയമ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള എല്ലാ പ്രവർത്തികളും സമയ ബന്ധിതമായി പൂർത്തിയാക്കണം.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു കോടി ഫലവൃക്ഷ തൈകൾ നടുന്ന പ്രവർത്തനത്തിൽ കൃഷി ഓഫീസർമാർക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. 31 ന് മുൻപായി ഈ കാര്യങ്ങൾ പൂർത്തിയാക്കണം.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള വാർഡ്, പഞ്ചായത്ത്‌ തല സമിതികൾ ആരംഭിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു എന്ന് പഞ്ചായത്ത്‌ സെക്രട്ടറിമാർ ഉറപ്പ് വരുത്തണം. അവരുടെ പ്രവർത്തനങ്ങൾ കൃഷി ഓഫീസറുമായി ചേർന്നു ഏകോപിപ്പിക്കണം.

മഴക്കാലത്തിന് മുന്നോടിയായി തൊടുകളുടെയും നദികളുടെയും ശുചീകരണം നിർബന്ധമായും പൂർത്തിയാക്കണമെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റി താമസിപ്പിക്കാൻ ഉള്ള ക്യാമ്പുകൾ കണ്ടെത്താനും മാപ്പിംഗ് നടത്താനും കളക്ടർ നിർദേശം നൽകി. കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പ്രളയ മാപ് അനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഈ പ്രവർത്തികൾ ചെയ്യാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.