എറണാകുളം: രാജ്യത്തെ കോവിഡ് സമൂഹ വ്യാപനവും പ്രതിരോധവും പഠിക്കാനായി എത്തിയ സെറോ സര്‍വേ സംഘം കളക്ടര്‍ എസ് സുഹാസിനെ സന്ദര്‍ശിച്ചു. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വില്‍സണ്‍, ഡോ.വിനോദ് കുമാര്‍ എന്നിവര്‍ ആണ് കളക്ടറെ സന്ദര്‍ശിച്ചത്. സാംപിള്‍ ശേഖരണത്തെ കുറിച്ചും പരിശോധന രീതിയെ കുറിച്ചും അവര്‍ കളക്ടര്‍ക്ക് വിശദീകരിച്ചു നല്‍കി. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണസഹകരണവും സഹായവും കളക്ടര്‍ സംഘത്തിന് ഉറപ്പ് നല്‍കി.
ഐ.സി.എം.ആറില്‍ നിന്നുള്ള ഇരുപത് ശാസ്ത്രജ്ഞന്മാരും ആരോഗ്യ വകുപ്പിലെ പത്ത് ലാബ് ടെക്‌നീഷ്യന്മാരും പത്ത് ആശ പ്രവര്‍ത്തകരുമാണ് സാംപിള്‍ ശേഖരണം നടത്തുന്നത്. ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ നിന്നായി നാനൂറ് സാംപിളുകള്‍ ആണ് സംഘം ശേഖരിക്കുന്നത്. ഐ.സി.എം.ആറും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് വികസിപ്പ എലിസ ടെസ്റ്റ് ഉപയോഗിച്ചാണ് സാംപിള്‍ പരിശോധന നടത്തുന്നത്. രാജ്യത്തെ 69 ജില്ലകളില്‍ നിന്നും പത്ത് ഹോട്‌സ്‌പോട്ടുകളില്‍ നിന്നും സംഘം സാംപിളുകള്‍ ശേഖരിക്കും. 24000 പേരിലാണ് പരിശോധന നടത്തുന്നത്.