പത്തനംതിട്ട:  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പാടില്ലെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയോജക മണ്ഡലം തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജനപ്രതിനിധികളും, ആരോഗ്യം, കൃഷി, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.

വീടുകള്‍ സ്ഥാപനങ്ങള്‍  എന്നിവിടങ്ങളില്‍  അടിയന്തിരമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. വീടുകളില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വെള്ളം അടച്ചു സൂക്ഷിക്കണം. ടാപ്പിംഗ് ഇല്ലാത്ത തോട്ടങ്ങളിലെ ചിരട്ടകള്‍ മാറ്റിവയ്ക്കണം. ടാപ്പിംഗ് ഉള്ള തോട്ടങ്ങളില്‍ പാല്‍ ശേഖരിച്ചശേഷം ചിരട്ട കമിഴ്ത്തി വയ്ക്കണം. കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു.

എല്ലാ പഞ്ചായത്തിലും തോട്ടം ഉടമകളുടെ യോഗം ഉടന്‍ ചേരണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കോന്നി പഞ്ചായത്തിലെ പയ്യനാമണ്ണില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച ഭാഗങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനവും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉടന്‍ നടത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, പാടത്തു പണിയെടുക്കുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക  നിര്‍ബന്ധമായും കഴിക്കുന്നു എന്ന് ഉറപ്പാക്കണം. കൃഷി വകുപ്പ് പാടശേഖര സമിതി അംഗങ്ങളെ പങ്കെടുപ്പിച്ച് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ശുചിത്വ മിഷന്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ തനത് ഫണ്ട് കൃത്യമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോന്നിയൂര്‍ പി കെ, വൈസ് പ്രസിഡണ്ട് റോസമ്മ ബാബുജി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രവികല എബി, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ ലീല രാജന്‍, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയാ തോമസ്, പ്രമാടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലോചന ദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോര്‍ജ്, ആയുഷ് നോഡല്‍ ഓഫീസര്‍ ഡോ. എബി എബ്രഹാം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി ജി ശശിധരന്‍, ബി ഡി ഒ ഗ്രേസി സേവ്യര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൂയിസ് മാത്യു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി വി സാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു