ജില്ലാ ആസൂത്രണ സമിതികൾ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വികസന കൗൺസിൽ യോഗം അംഗീകരിച്ചു. ജില്ലാ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് പദ്ധതികൾ പരിഷ്‌കരിച്ച് മൂന്നു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും.
സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, എൻജിനിയേർഡ് സാനിട്ടറി ലാൻഡ്ഫിൽ സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണം. ഇതിനാവശ്യമായ ഭൂമി കണ്ടെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമലതപ്പെടുത്തും. കേരളത്തിലെ ഹൈവേ പാതയോരങ്ങളിൽ പൊതു ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ 50 കിലോമീറ്റർ ഇടവേളകളിൽ പൊതുടോയിലറ്റുകൾ സ്ഥാപിക്കുന്നതിനാണ് പദ്ധതി. മെട്രോപോളിറ്റൻ ഏരിയകൾ രൂപീകരിക്കുന്നതിനായി പെർസ്പെക്ടീവ് പ്ലാനുകൾ തയ്യാറാക്കും. സംസ്ഥാനത്ത് നഗരഗ്രാമാസൂത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും നഗര ഗ്രാമാസൂത്രണ ബോർഡ് സ്ഥാപിക്കാനും ശുപാർശ ചെയ്തു.
ഓരോ ജില്ലയിലും മോഡൽ ഗ്രാമപഞ്ചായത്ത് സ്ഥാപിക്കും. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ നിശ്ചയിക്കുക. 700 ഗ്രാമപഞ്ചായത്തുകൾക്ക് ഐ. എസ്. ഒ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. സ്മാർട്ട് പഞ്ചായത്ത്, സ്മാർട്ട് മുനിസിപ്പാലിറ്റി പദ്ധതി ജനങ്ങളിലെത്തിക്കുന്നത് കാര്യക്ഷമമാക്കണം. ഗ്രാമപഞ്ചായത്തുകളിൽ ഒരു അസി. എൻജിനിയർ, രണ്ട് ഓവർസിയർ തസ്തികകൾ അനുവദിക്കുന്നതിനുള്ള ശുപാർശയും മുന്നോട്ടു വച്ചിട്ടുണ്ട്. പാലിനുള്ള സബ്സിഡി ഒരു കർഷകന് ഒരു വർഷം പരമാവധി 30,000 രൂപ എന്ന പരിധി ഒഴിവാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ഡോക്ടർമാരെ നിയമിക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.