വ്യാഴാഴ്ച നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മെയ് 11 ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴിക്കല്‍ സ്വദേശിയായ 41 വയസുള്ള യുവാവ്(ജ42), ചെന്നൈയില്‍ നിന്നും മെയ് 24 ന് എത്തി കോവിഡ് സ്ഥിരീകരിച്ച പന്മന സ്വദേശിയായ യുവതിയുടെ(ജ35)  44 വയസുള്ള മാതാവും(ജ43), 22 വയസുള്ള സഹോദരനും(ജ44), ഡല്‍ഹിയില്‍ നിന്നും മെയ് 22 ന് എത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 22 വയസുള്ള യുവാവ്(ജ45) എന്നിവരാണ് വ്യാഴാഴ്ച കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

ഇതോടെ നിലവില്‍ 22 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും  അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌ക്കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 സ്ഥിതിവിവരം
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 3,236 സാമ്പിളുകളില്‍ 103 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 3,074 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 23,010
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണത്തില്‍ നിന്ന് ഇന്നലെ(മെയ് 27) വരെ 23,010 പേരാണ് പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 27) പുതുതായി ഉള്‍പ്പെടുത്തിയ 588 പേര്‍ ഉള്‍പ്പടെ  5,664 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609,1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ  നമ്പരുകളില്‍ ബന്ധപ്പെടാം.