ആലപ്പുഴ: കയര്‍ കോര്‍പ്പറേഷന്‍റെ സുവർണ്ണജൂബിലി വർഷം ഒട്ടേറെ അഭിമാനാർഹങ്ങളായ നേട്ടങ്ങളുടെ കൂടി വർഷമാണ്. 40-ൽപ്പരം വർഷങ്ങളായി സ്ഥാപനം അകപ്പെട്ടിരുന്ന സഞ്ചിത നഷ്ടത്തിൽ നിന്നും കരകയറി എന്നതാണ് നേട്ടങ്ങളില്‍ പ്രധാനം. 2019-20 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത നഷ്ടം പൂർണ്ണമായും നികത്തപ്പെടുകയും 12 ലക്ഷത്തില്‍പ്പരം രൂപയുടെ പ്രായോഗിക ലാഭം നേടുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരം ഏറ്റശേഷം കയര്‍ മേഖലയ്ക്ക് പുത്തനുണര്‍വാണ് കൈവന്നത്.
നാല് വർഷങ്ങൾക്ക് മുൻപ് കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വൻ ഇടിവുണ്ടായപ്പോൾ കയർ തൊഴിലാളികൾ മറ്റുതൊഴിൽ മേഖലകൾ തേടി പോകേണ്ട ഗതികേട് ഉണ്ടായി. എന്നാൽ കേരള സർക്കാർ കയർ വകുപ്പിന്റെ നേതൃത്വത്തിൽ കയർ വകുപ്പ് മന്ത്രി മുൻകൈ എടുത്ത് നടത്തിയ സമയോചിത ഇടപെടൽ മൂലം, കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നൂറു കോടി രൂപയ്ക്കുമേൽ ഓർഡറുകൾ ലഭിക്കുകയും, തറികൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.
കയര്‍വ്യവസായ മേഖലയിലെ ചൂഷണം തടയുന്നതിനും, ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ നാട്ടിൽ തന്നെ ലഭ്യമാക്കുന്നതിനും, അധിക ഉൽപ്പാദനക്ഷമതയുള്ള യന്ത്രങ്ങൾ സ്ഥാപിച്ച് ആവശ്യമുള്ളത്ര കയർ ഉൽപ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാനും, കയർ കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണ്.
ഇത് കൂടാതെ നിലവിൽ രാജ്യമൊട്ടാകെ ഭീതിയിലാഴ്ത്തി വ്യാപിച്ചിരിക്കുന്ന കോവിഡ്-19 നെ ചെറുത്ത് നിറുത്തുന്നതിനായും, മറ്റ് വൈറസുകൾ പടർന്ന് കയറാതിരിക്കുന്നതിനുമായി കമ്പനി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്ട്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മെഡിസിനൽ മാറ്റ് രൂപകൽപ്പന ചെയ്തു കഴിഞ്ഞു.
ഈ ഉൽപ്പന്നത്തിന് സർക്കാരിന്റേയും, ആരോഗ്യവകുപ്പിന്റേയും അംഗീകാരം നേടാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ആവശ്യ സമയങ്ങളിൽ വേണ്ട രീതിയിൽ ധനസഹായങ്ങളും ആവശ്യമായ സർക്കാർ അനുമതികളും ഉപദേശ നിർദ്ദേശങ്ങളും നല്‍കിവരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കയര്‍ മന്ത്രി ടി.എം.തോമസ് ഐസക്കിനും ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ നന്ദി അറിയിച്ചു.