ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29,20,000 രൂപ ചെലവഴിച്ച് 73 മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം വാങ്ങി നൽകി. പദ്ധതിയുടെ ആദ്യവിതരണം ജില്ല പഞ്ചായത്തിൽ, പ്രസിഡന്റ് ജി.വേണുഗോപാൽ ഗുണഭോക്താക്കൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് ജില്ല പഞ്ചായത്ത്, ഗുണനിലവാരമുള്ളതും കടലിലും കായലിലും ഒരു പോലെ ഉപയോഗിക്കാവുന്നതുമായ വള്ളം വാങ്ങി നല്‍കിയതെന്ന് ജി..വേണുഗോപാൽ പറഞ്ഞു.
പഞ്ചായത്തുതലത്തിൽ ജനങ്ങളുടെ ജീവസന്ധാരണം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കനുസൃതമായി പദ്ധതികൾ ആവിഷ്‌കരിച്ച് പഞ്ചായത്തുകൾ വേഗത്തിൽ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 21,90,000 പദ്ധതിവിഹിതവും, 7,30,000 ഗുണഭോക്തൃവിഹിതവുമാണ്. നേരത്തെ മത്സ്യത്തൊഴിലാളികൾക്ക് വല നൽകുന്ന പദ്ധതി ജില്ല പഞ്ചായത്ത് നടപ്പാക്കിയിരുന്നു.ഫിഷറീസ് വകുപ്പിന്റെ സഹാത്തോടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
75 ശതമാനം സബ്സിഡിയിലാണ് വള്ളങ്ങള്‍ നൽകിയത്. ശാരീരിക അകലം പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ.അശോകന്‍, ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.