എറണാകുളം: മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. തോടുകൾ കാനകൾ എന്നിവിടങ്ങളിലെ എക്കൽ, മാലിന്യം എന്നിവ മഴക്കമുമ്പേ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണം. പഞ്ചായത്തുകൾക്ക് ടെൻഡർ നടപടികളിലൂടെ നിയമപരമായി ജോലികൾ പൂർത്തീകരിക്കാമെന്നും കളക്ടർ അറിയിച്ചു. പെരിയാറിൽ നിന്നും മണൽ വാരുന്നതു സംബന്ധിച്ച് മൈനിംഗ് പ്ലാൻ തയാറാക്കുകയാണ്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും കളക്ടർ പറഞ്ഞു.
ആലുവ മണ്ഡലത്തിലെ മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.എൽ.എ അൻവർ സാദത്തിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ .

അങ്കമാലി-മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തോട്ടിൽ അടിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഫ്ലോട്ടിംഗ് ജെ.സി.ബി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ചെങ്ങൽ തോട് വൃത്തിയാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി സിയാൽ അധികൃതർ യോഗത്തിൽ അറിയിച്ചു.

വെള്ളപ്പൊക്ക മുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തിനും രണ്ട് ബോട്ടുകൾ വീതം അനുവദിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ആംബുലൻസ് ഇല്ലാത്ത പഞ്ചായത്തുകൾക്ക് ആംബുലൻസ് വേണമെന്ന ആവശ്യവും എം എൽ യോഗത്തിൽ ഉന്നയിച്ചു.

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാദേവി, ലാൻഡ് റവന്യൂ ഡപ്യൂട്ടി കളക്ടർ പി.ബി.സുനിൽ ലാൽ , ഡി.എം.ഒ. എം.കെ.കുട്ടപ്പൻ, പഞ്ചായത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു/