എറണാകുളം: വർഷക്കാലത്തെ നേരിടാൻ പൂർണ്ണ സജ്ജമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു.

ജൂൺ മുതൽ ഡിസംബർ വരെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കണം. ഓരോ ദിവസവും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട വിവരങ്ങൾ താലൂക്ക്, ജില്ലാ കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും വേണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും സ്വന്തം പരിധിയിൽ വരുന്ന ദുരിത ബാധിത പ്രദേശങ്ങളെ കണ്ടെത്തണം. ഈ മേഖലകൾക്ക് മുൻതൂക്കം നൽകി വേണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ. പ്രദേശത്തുള്ള ജെ.സി.ബികൾ ഹിറ്റാച്ചികൾ എന്നിവയുടെ കണക്ക് ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ അറിയിക്കണം. ലഭിക്കാവുന്ന ബോട്ടുകളുടെ എണ്ണം കണക്കാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച റിപ്പോർട്ട് ദിവസവും പൊതുജനങ്ങളെ അറിയിക്കും. ഇതിനായി സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തും. ക്യാമ്പുകളുടെ നടത്തിപ്പിന് സ്ഥലങ്ങൾ കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങളോട് യോഗം നിർദ്ദേശിച്ചു. ജലസേചനം , കെ.എസ്.ഇ.ബി വകുപ്പുകളെക്കൂടി ഉൾപ്പെടുത്തി ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം വിപുലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

അതോറിറ്റി ചെയർമാൻ കളക്ടർ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ്, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.