ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏർളി സ്വാർഫ് പ്ലാവിൻ തൈ വനംമന്ത്രി കെ.രാജുവിന് നൽകി ഗവർണർ നിർവഹിച്ചു.  പ്ലാവിൻ തൈ മന്ത്രി രാജ്ഭവൻ അങ്കണത്തിൽ നട്ടു.

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകരിലൂടെ ഫലവൃക്ഷ കൃഷി പ്രോൽസാഹിപ്പിക്കും. അത്യുല്പാദനശേഷിയുളളതും ഏറ്റവും കുറഞ്ഞകാലയളവിൽ ഗുണമേന്മയേറിയ കായ്ഫലം ലഭിക്കുന്നതുമായ മുന്തിയ ഇനം പ്ലാവ്, മാവ്, ചിക്കൂസ്, മാങ്കോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 10000 ഫല വൃക്ഷങ്ങൾ നട്ടു വളർത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

വിയറ്റ്‌നാം ഏർളി ഡ്വാർഫ്, സിന്ദൂരം എന്നീ ഇനം പ്ലാവിൻ തൈകളും മല്ലിക, കലപ്പാടി, ഹിമാം പസന്ദ്, സിന്ദൂരം, നീലം തുടങ്ങിയ മാവിൻ തൈകളും ഈ വർഷം കർഷകർക്ക് ലഭ്യമാക്കും. പദ്ധതിപ്രകാരം അർഹരായ ക്ഷീരകർഷകർക്ക് സംഘങ്ങളിലൂടെ പകുതി വിലയ്ക്ക് തൈകൾ വിതരണം ചെയ്യും. മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ചെയർമാൻ കല്ലട രമേശ്, മിൽമ മാനേജിംഗ് ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു,  ഡയറക്ടർ ബോർഡംഗങ്ങളായ സദാശിവൻ പിള്ള, കെ. രാജശേഖരൻ, വി. വേണുഗോപാലക്കുറുപ്പ്, എസ്.ഷീജ, ലിസി മത്തായി, ഗിരീഷ്‌കുമാർ, വി.വി.വിശ്വൻ, സുശീല എന്നിവർ സംബന്ധിച്ചു.