അഞ്ച് വിഭാഗങ്ങളായി തിരിച്ച് റാപിഡ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനം

കോവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹവ്യാപന സാധ്യത മനസ്സിലാക്കാന്‍ അഞ്ച് വിഭാഗങ്ങളിലായി റാപിഡ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ 1000 ടെസ്റ്റുകള്‍ നടത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. 45 മിനിറ്റിനകം പരിശോധനാ ഫലം ലഭ്യമാകും.

ആദ്യ വിഭാഗത്തില്‍ കോവിഡ് രോഗവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യവകുപ്പ് പ്രതിനിധികള്‍/ ജീവനക്കാര്‍, രണ്ടാം വിഭാഗത്തില്‍ ഫ്രന്റ്‌ലൈന്‍ വര്‍ക്കേഴ്‌സായ പോലീസ്, ഫീല്‍ഡുതല ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പത്ര ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചനില്‍ ഉള്ളവര്‍ തുടങ്ങിയവരെ പരിശോധനയ്ക്ക് വിധേയമാക്കും.

ക്വാറന്റൈനില്‍ കഴിയുന്നവരാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുക. 60 വയസ്സിന് മുകളിലുള്ള വയോധികരും കുട്ടികളും നാലാം വിഭാഗത്തില്‍ ഉള്‍പ്പെടും. വിദേശത്തുനിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ് അഞ്ചാം വിഭാഗക്കാര്‍. ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്,  ലാബ് ടെക്‌നീഷ്യന്‍,  ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിനായി നിയോഗിക്കും.

പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിന് താല്‍ക്കാലിക മെഷീന്‍ ലഭ്യമായിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളേജില്‍ ഇതിനായുള്ള ലാബ് സജ്ജീകരിച്ചു വരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിക്കായി അടുത്തദിവസം തന്നെ അപേക്ഷ നല്‍കും. പി സി ആര്‍ മെഷ്യന്‍ ലഭ്യമാക്കുന്നതിന് 30 ലക്ഷം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നിലവില്‍ തൃശൂരിലും ആലപ്പുഴ എന്‍.ഐ.വി.യിലുമാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയക്കുന്നത്. ഇത്തരത്തില്‍ അയച്ച 2177 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ ഒരു കോഡിനേറ്ററെ ആവശ്യമുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിലെ ഒഴിവും നികത്തും.