*മൂന്നു മാസത്തേക്ക് മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം
ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായി ഡയാലിസിസ് നടത്തി വരുന്ന വൃക്കരോഗികൾക്കും അവയവ മാറ്റത്തെ തുടർന്ന് സ്ഥിരമായി മരുന്നുകഴിച്ചു കൊണ്ടിരിക്കുന്നവർക്ക് മരുന്ന് വാങ്ങി നൽകുന്നതിനും ജില്ലാ പഞ്ചായത്ത് രംഗത്ത്. ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) നിർവ്വഹണ ഉദ്യോഗസ്ഥയായാണ് ജില്ല പഞ്ചായത്ത് പദ്ധിത നടപ്പാക്കുന്നത്. മൂന്ന് മാസക്കാലത്തേക്ക് മാത്രമാണ് ഈ ആനുകൂല്യം. ഡയാലിസിസ് നടത്തുന്നതിന് ഒരു രോഗിക്ക് മാസം 2000 രൂപ നിരക്കിൽ മൂന്നു മാസക്കാലത്തേക്ക് 6000 രൂപയും അവയവ മാറ്റത്തിന് വിധേയവരായവർക്ക് മൂന്ന് മാസക്കാലത്തേക്ക് പരമാവധി 5000 രൂപയുടെ ജിവൻരക്ഷ മരുന്നുകളുമാണ് നൽകുന്നത്.
സർക്കാർ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ആയതിന്റെ ചെലവ് ബന്ധപ്പെട്ട ആശുപത്രികളുടെ അക്കൗണ്ടിലേക്ക് നൽകും.സർക്കാർ ആശുപത്രികളിൽ സൗകര്യം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ ഹാജരാക്കുന്ന ചികിത്സ ബില്ലിന്റെ 50 ശതമാനം തുക രോഗികളുടെ അക്കൗണ്ടിലേക്ക് നൽകും. (മൂന്നു മാസത്തേക്ക് പരമാവധി 6000 രൂപയാണ് നല്കുക ). അപേക്ഷയുടെ മാതൃക, ജില്ലയിലെ ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല പഞ്ചായത്ത് കാര്യാലയം, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 20ന് പകൽ മൂന്നു വരെ അപേക്ഷകർ സ്ഥിര താമസമുള്ള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നൽകാം. അപേക്ഷയോടൊപ്പം ചികിത്സ രേഖകളുടെ പകർപ്പുകളും റേഷൻ കാർഡ്, ആധാർ കാർഡ്. ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും നൽകണം. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിര ജീവനക്കാർ, സർവ്വീസ് പെൻഷണർമാർ, മെഡിക്കൽ റീ- ഇംപേഴ്‌സമെന്റ് സൗകര്യമുള്ളവർ എന്നിവർക്കും മൂന്ന് ലക്ഷം രൂപയിൽ കൂടുതല്‍ വാർഷിക വരുമാനമുള്ളവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതല്ല. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ സ്ഥിര താമസക്കാർക്ക് മാത്രമാണ് ആനുകൂല്യം നൽകുന്നതെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.