ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉപദേശക സമിതി യോഗം ചര്‍ച്ച നടത്തി. ജില്ല പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ ജില്ല കളക്ടർ എ അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു.
യോഗത്തിലെ പ്രധാന തീരുമാനം: ഷട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസൃതം ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വേലിയേറ്റ-വേലിയിറക്ക തക്കവും കാലവും അനുസരിച്ച് ഷട്ടർ ഉയർത്തും. തീയതി ഇറിഗേഷൻ വകുപ്പ് നിശ്ചയിക്കും. പൊഴി മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. മണൽ പുറത്തേക്ക് കൊണ്ടുപോകില്ല.നീരൊഴുക്കിന് തടസ്സമാകുന്ന പക്ഷം മണൽഭിത്തി മുറിക്കും. മണൽ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിൽ പ്രദേശത്ത് സൂക്ഷിക്കും. ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, ആർഡിഒ എസ് സന്തോഷ്‌കുമാർ, വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ,പ്രദേശവാസികൾ, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.