പത്തനംതിട്ട: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂള്‍ അങ്കണത്തിലെ പച്ചത്തുരുത്തിനെ മാതൃകാ പച്ചത്തുരുത്തായി വികസിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ  ശുചീകരണത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അംബിക മോഹന്‍ നിര്‍വഹിച്ചു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ  പഞ്ചായത്ത് അംഗം സാം ഈപ്പന്‍,  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  ഈപ്പന്‍ കുര്യന്‍, അഡ്വ. സതീഷ് ചാത്തങ്കേരി, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ശരത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരസ്വതി അന്തര്‍ജനം, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി, പിടിഎ പ്രതിനിധി, അധ്യാപകര്‍,  തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തകരായ മായ മോഹന്‍, ശരണ്യ എസ്.മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇരുനൂറില്‍ അധികം ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയാണ് മാതൃകാ പച്ചത്തുരുത്ത് വികസിപ്പിക്കുന്നത്.  ഓരോ വൃക്ഷവും ഏതു വിഭാഗത്തില്‍പ്പെട്ടത് ആണെന്നും അതിന്റെ ജൈവനാമം എന്താണെന്നും അറിയുന്നതിന് സംവിധാനം ഒരുക്കും.  തോട് നവീകരണം, വൃക്ഷങ്ങളുടെ പേര്, ഉപയോഗം എന്നിവ കാണിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. നടപ്പാത, ബെഞ്ച്, ഓപ്പണ്‍ ക്ലാസ് റൂം,  ജൈവവേലി, ശുചിമുറി തുടങ്ങിയവ മാതൃകാ പച്ചത്തുരുത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.