ആലപ്പുഴ : കോവിഡ് 19 പശ്ചാത്തലത്തില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കുന്ന റിവേഴ്സ് ക്വാറന്റൈന്‍ ക്യാമ്പയിനിംഗ് ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 65 വയസിനു മുകളിലുള്ള മുതിര്‍ന്നവരേയും, 10 വയസിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്ന സന്ദേശം പ്രചരിപ്പിക്കാനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി ശകുന്തളയുടെ വീട്ടില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.
ആര്‍ദ്രമീ ആര്യാട് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആര്യാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ 80 വാര്‍ഡുകളിലാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡുകളിലും ക്വാറന്റൈന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും, വാര്‍ഡ് തലത്തില്‍ ഹെല്‍ത്ത് വോളന്റിയേഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. ടെലിമെഡിസിന്‍, ടെലി കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍ , ലാബ് സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഓരോ വാര്‍ഡുകളിലും ഉറപ്പാക്കും.

ഒരാഴ്ചയോടെ ബ്ലോക്ക് പരിധിയിലെ വീടുകളിലെല്ലാം ക്യാമ്പയിന്‍ പൂര്‍ത്തിയാക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ 36 ഡോക്ട്ര്‍മാരും ക്യാമ്പയിനിംഗിന്റെ ഭാഗമായുണ്ട്. റിവേഴ്സ് ക്വാറന്റൈന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ടുള്ള ലഘു ലേഖയോടൊപ്പം ആവശ്യമായ നിര്‍ദേശങ്ങളും കുടുംബങ്ങള്‍ക്ക് നല്‍കും.

ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് സ്‌നേഹജന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.