വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു

സംസ്ഥാന ബാംബൂ കോർപറേഷൻ ഈറ്റയിലും മുളയിലും നിർമിച്ച ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു. ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി. എൻ. സീമ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.

ഫയൽപാഡ്, ഫയൽട്രേ, പെൻസ്റ്റാൻഡ്, വേസ്റ്റ്ബിൻ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം ഇത്തരത്തിൽ നിർമിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് മേഖലയിലെ തൊഴിലാളികൾക്ക് മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 500 പേർക്ക് തൊഴിലും കോർപറേഷന് 1.50 കോടി രൂപ വാർഷിക വരുമാനവും ലഭിക്കും. ഒരു മാസത്തിൽ 500 കോംബോ പാക്കറ്റുകളാണ് ഉത്പാദിപ്പിക്കുക. 1500 ഏക്കർ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാൻ ബാംബൂ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ആറളത്ത് മുള വച്ചു പിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായതായി മന്ത്രി അറിയിച്ചു.

പതിനായിരം പനമ്പ് നെയ്ത്ത് കുടുംബങ്ങളും ആയിരം ഈറ്റ വെട്ട് തൊഴിലാളികളും 500 മറ്റു തൊഴിലാളികളും കോർപറേഷനെ ആശ്രയിച്ചു കഴിയുന്നു.
ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: കെ. ഇളങ്കോവൻ, ബാംബൂ കോർപറേഷൻ ചെയർമാൻ കെ. ജെ. ജേക്കബ് എന്നിവർ സംബന്ധിച്ചു.