പാലക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ഇതുവരെ ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 14803 അതിഥി തൊഴിലാളികള്‍. മെയ് ആറ് മുതല്‍ ജൂണ്‍ 13 വരെ 30 തോളം ട്രെയിനുകളിലായി ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബീഹാര്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഖണ്ഡ്, ത്രിപുര
മധ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍, ആസാം എന്നിവടങ്ങളിലേക്കാണ് തൊഴിലാളികള്‍ മടങ്ങിയത്.

ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത് വെസ്റ്റ് ബംഗാളിലേക്കാണ് 4128 പേര്‍. ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ കഞ്ചിക്കോട് മേഖലയില്‍ നിന്ന് ഇതുവരെ 50 ശതമാനത്തിലധികം തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങിയിട്ടുള്ളതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ അപ്നാഘര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും  സാനിറ്റെസര്‍, മാസ്‌ക് ഉപയോഗത്തിനും സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബസ്മാര്‍ഗം നാട്ടിലേക്ക് മടങ്ങിയത് 673 തൊഴിലാളികള്‍

ജില്ലയിലെ വിവിധ ഇടങ്ങളില്‍ തൊഴിലിനായെത്തി ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താന്‍ കഴിയാതെപോയ തമിഴ്നാട്ടിലെ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവായൂര്‍, കടലൂര്‍, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 673  തൊഴിലാളികള്‍ ഇതുവരെ ബസ് മാര്‍ഗം സ്വദേശങ്ങളിലേയ്ക്ക് മടങ്ങി. മെയ് 13 ന് 86 പേര്‍, മെയ് 15 ന് 281 പേര്‍, മെയ് 18 ന് 152, മെയ് 22 ന് 90, മെയ് 25 ന് 30,  മെയ് 29 ന് 34 പേര്‍ ഉള്‍പ്പടെ 673 അതിഥി തൊഴിലാളികളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, കെ.എസ്.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ ബസുകളില്‍ നാട്ടിലേക്ക് മടങ്ങിയത്.