പാലക്കാട്: ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം 3,32,394 വിദ്യാര്‍ഥികളില്‍ (പ്ലസ് വണ്‍ ഒഴികെ)11,167 വിദ്യാര്‍ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമായിരുന്നില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി 713 പൊതുകേന്ദ്രങ്ങളില്‍ ഓരോ ടെലിവിഷന്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.

പൊതു കേന്ദ്രങ്ങളിലും പഠനാവശ്യത്തിനായി വ്യക്തികള്‍ക്ക് നല്‍കിയതുമുള്‍പ്പെടെ 1093 ടി.വികള്‍ ജില്ലയില്‍ സ്ഥാപിച്ചു. ബി.ആര്‍.സികള്‍, ക്ലസ്റ്റര്‍ സെന്ററുകള്‍, വായനശാലകള്‍, അങ്കണവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങി ഓരോ വിദ്യാര്‍ഥിക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പൊതുകേന്ദ്രങ്ങളിലായാണ് പഠന സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ പഠന സൗകര്യം സാധ്യമായത്. സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതിനാല്‍ അതത് ദിവസത്തെ പാഠഭാഗങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഉപകാരപ്രദമാകും.

ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ പ്രധാനധ്യാപകരെ വിവരമറിയിക്കണം.

ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ ഇനിയും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ ഇക്കാര്യം പ്രധാനാധ്യാപകന്റെയോ മറ്റ് അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് എസ്.എസ്.കെ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കാനുള്ള പൂര്‍ണ ചുമതല പ്രധാനാധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും ജില്ലയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.