ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷതയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എം പി മുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപ വായ്‌പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31 ലെക്കാൾ 1556 കോടിരൂപ അധികമാണ്. ഇങ്ങനെ ജില്ലയിലെ നിക്ഷേപ-വായ്‌പ അനുപാതം 5% വർധനയോടെ 53% ആയി ഉയർന്നു.

കൃഷി മേഖലയിൽ 4035.35 കോടിയും ലഘു-ചെറുകിട-ഇടത്തരം മേഖലയിൽ 1886.37 കോടിയും മറ്റു മുൻഗണന വിഭാഗത്തിൽ 851.81 കോടിയും രൂപ നൽകി.

2019ലെ വെള്ളപ്പൊക്കവും കൊറോണ പകർച്ച വ്യാധിയും വിഘാതങ്ങൾ സൃഷ്‌ടിച്ചെങ്കിലും ബാങ്കിംഗ് മേഖല ഉണർന്നു പ്രവർത്തിച്ചതിന്റെ ഗുണഫലമായി 2019-20ൽ ലക്ഷ്യമിട്ടിരുന്ന10,000 കോടിരൂപയുടെ സ്ഥാനത്ത് 9719കോടിരൂപ വായ്‌പ ഇനത്തിൽ നൽകാൻ ബാങ്കുകൾക്ക് സാധിച്ചു.

ഈ കാലയളവിൽ 50,862പേർക്ക് 406.82 കോടിരൂപ മുദ്ര ലോൺ സ്‌കീമിലും 1813 വിദ്യാർത്ഥികൾക്ക് 81.67കോടിരൂപ വിദ്യാഭ്യാസ വായ്‌പ ഇനത്തിലും നൽകി.

എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ എൺപത്തെട്ടോളം കെ സി സി മേളകൾ വഴി 45,151 കർഷകരെ പുതുതായി കെ സി സി പദ്ധതിയിൽ ഉൾപ്പെടുത്തി.വായ്‌പ ഇനത്തിൽ 815 കോടിരൂപ ഈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനുവേണ്ട പ്രവർത്തനങ്ങൾ ബാങ്കുകളും കൃഷി,ഡയറി,ഫിഷറീസ് വകുപ്പുകളും ചേർന്ന് നടപ്പാക്കണമെന്ന് ജില്ല കളക്ടർ എ അലക്‌സാണ്ടർ പറഞ്ഞു.

വിദ്യാഭ്യാസ വായ്‌പയുടെ 20.29% നിഷ്ക്രിയ ആസ്‌തിയായി മാറിയതിനെക്കുറിച്ച് വിശദമായ പഠനം നടത്തി പരിഹാരം കാണണമെന്ന് അഡ്വ. എ എം ആരിഫ് എം പി നിർദ്ദേശിച്ചു. കൊറോണ മഹാമാരിയിൽ നിന്ന് സാമ്പത്തിക രംഗത്തെയും തൊഴിൽ സംരംഭകരേയും കർഷകരെയും സംരക്ഷിക്കുന്നതിനുവേണ്ട അടിയന്തിര നടപടികൾ ബാങ്കുകളും ബന്ധപ്പെട്ടവരും കൈക്കൊള്ളണം. ലഘു-ഇടത്തരം സംരംഭകർക്കായുള്ള എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി (ECLGS) സ്‌കീം, കാർഷിക മേഖലയിൽ സ്വയം പര്യാപ്‌തത നേടുന്നതിനുള്ള ‘സുഭിക്ഷകേരളം’ എന്നീ പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നടപടികൾ സഹകരണമേഖലയിൽ ഉൾപ്പെടെയുള്ള ബാങ്കുകൾ കൈക്കൊള്ളണമെന്ന് എം പി ആവശ്യപ്പെട്ടു. കോവിഡ് വൻ ഭീഷണിയുയർത്തിയ വേളയിൽ ബാങ്ക് ജീവനക്കാർ നടത്തിയ പ്രവർത്തനം ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും സേവനത്തിന് സമാനമായിരുന്നുവെന്ന് അഡ്വ.എ എം ആരിഫ് എം പി പ്രശംസിച്ചു.

ലീഡ് ജില്ല മാനേജർ വി. വിനോദ്‌കുമാർ,എസ് ബി ഐ ഡിജിഎം സുരേഷ് വി,നബാർഡ് ഡിഡിഎം ടി കെ പ്രേംകുമാർ,ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ ബെറ്റി എം. വർഗീസ്, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. നബാർഡ് ഡിഡിഎം സ്ഥാനത്തുനിന്ന് വിരമിച്ച ആർ രാഘുനാഥൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു.