സുഭിക്ഷ കേരളം പദ്ധതിയിൽ ആറു ലക്ഷം പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം മന്ത്രി പി തിലോത്തമൻ നിർവഹിച്ചു

ആലപ്പുഴ: കോവിഡ് കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട അതിപ്രധാന മേഖലയായി സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയെ മാറ്റണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ‘സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീർമുക്കം’ പദ്ധതി പ്രകാരം ആറു ലക്ഷം പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ഓരോ സീസണിലും കൃഷി ചെയ്യുന്നതിനു പകരം തുടർച്ചയായി കൃഷിയിലേക്ക് ഇറങ്ങി തിരിക്കണംമെന്നും പാൽ, പച്ചക്കറി, മത്സ്യം, മുട്ട എന്നിവയിൽ എല്ലാം സ്വയം പര്യാപ്തത കൈവരിക്കാൻ ഈ കോവിഡ് കാലം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.

സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള സുഭിക്ഷ കേരളം പദ്ധതി ലക്ഷ്യം വെക്കുന്നതും ഇതു തന്നെയാണ്. ഭക്ഷ്യ ക്ഷാമ സാധ്യത ഒഴിവാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓരോ വീടിനും 50 വീതം മൊത്തം ആറു ലക്ഷം പച്ചക്കറി തൈകളാണ് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്‌ വിതരണം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിത മനോജ്, വാർഡ്‌ മെമ്പർ ലിജി, കൃഷി ഓഫീസർ സമീറ തുടങ്ങിയവർ പങ്കെടുത്തു.