കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഈ ദേശീയ പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേടുന്നത്. 25 ലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി എന്ന ആശയം മുൻനിർത്തി വിവിധ മാതൃകാ പദ്ധതികളാണ്ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഈ ഭരണസമിതി അധികാരത്തിൽ കയറി 55 മാസത്തിനുള്ളിൽ 46 മാതൃകാ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്.

കരകവിയാത്ത കിള്ളിയാർ,ജൈവഗ്രാമം,വല്ലംനിറ,അംഗനവാടി ജൈവഗ്രാമം,തരിശുരഹിത ജൈവഗ്രാമം,അഗ്രി ഇൻക്യുബേഷൻ സെന്റർ,ക്ഷീരസമൃദ്ധി ഡയറി ഫാം,റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ,ശിങ്കാരിമേളം വനിതാ ടീം എന്നീ പദ്ധതികൾ കൂടാതെ ആരോഗ്യ-കാർഷിക-വിദ്യാഭ്യാസം-വനിതാ-ഭിന്നശേഷി-പിന്നാക്ക വിഭാഗങ്ങൾക്ക് ഉൾപ്പെടെ എല്ലാ മേഖലകളിലും മികച്ച പദ്ധതികൾ നടപ്പിലാക്കാൻ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.രാജ്യത്ത് ആദ്യമായി ബ്ലോക്ക് തല പദ്ധതികൾ സാമൂഹ്യാവലോകനത്തിന് വിധേയമാക്കിയതും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്താണ്. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി രണ്ടു തവണ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേടി.