സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയ്ക്കും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കും സ്വന്തമായി നിർമിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനായിരുന്നു.

എണ്ണായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 2.6 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് പുറമെ വെർച്വൽ ക്ലാസ് റൂമുകളും, കോൺഫറൻസ് ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ വേണ്ടി വരുന്നതിനാൽ ഈ സജ്ജീകരണങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് ഈ ഘട്ടത്തിൽ തന്നെ പ്രയോജനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ സിവിൽ സർവീസ് രംഗത്തേയ്ക്ക് കേരളത്തിൽ നിന്നുള്ള വിജയികളുടെ എണ്ണം തീരെ കുറവായിരുന്ന കാലത്താണ് അക്കാദമി പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരെന്ന നിലയിൽ ഡോ. ഡി ബാബുപോളിനെപ്പോലുള്ള പ്രഗത്ഭരും പരിചയസമ്പന്നരുമായ മുൻ സിവിൽ സർവീസ് പ്രമുഖരുടെ സാന്നിധ്യം ഈ സ്ഥാപനത്തെ സമാനസ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നും തുടക്കം മുതലേ വേറിട്ടതാക്കി.

വിദ്യാർത്ഥികളിൽ വലിയൊരു ഭാഗം സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്ന് വന്നവരായിരുന്നു. അവർക്കെല്ലാം തുല്യപരിഗണനയോടെ പരിശീലനം നൽകാൻ അക്കാദമിക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നരപതിറ്റാണ്ടു കാലത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ സർവീസിലേക്ക് സമർത്ഥരായ 400ഓളം ചെറുപ്പക്കാരെ സംഭാവന ചെയ്യാൻ സിവിൽ സർവീസ് അക്കാദമിക്ക് സാധിച്ചിട്ടുണ്ട്.

അതിസമ്പന്നർക്കു മാത്രമേ സിവിൽ സർവീസിൽ ചേരാൻ കഴിയൂ എന്ന ധാരണ അടുത്തകാലം വരെ ഉണ്ടായിരുന്നു. ആ ധാരണ പൊളിച്ചെഴുതുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അക്കാദമി നടത്തിവരുന്നത.് വിദ്യാർത്ഥികളെ തുല്യപരിഗണനയോടെ കാണുന്ന ഇത്തരം പ്രൊഫഷണൽ പരിശീലന സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും നിലവിലുള്ളവയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.