എറണാകുളം: വൈറ്റില ജംഗ്ഷനിലെ സർവ്വീസ് റോഡിലെ നിർമ്മാണ പ്രവർത്തികൾ മൂന്ന് ആഴ്ചക്കകൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. വൈറ്റില മേൽപ്പാത നിർമ്മാണം നടക്കുന്നതിനാൽ സർവ്വീസ് റോഡിനെ ആശ്രയിച്ചാണ് ഗതാഗതം മുന്നോട്ടു പോകുന്നത്. കാന നിർമ്മാണത്തോടൊപ്പം റോഡിൽ ഗ്യാസ് ലൈൻ ഇടുന്ന ജോലികളും കെ.എസ്.ഇ.ബി യുടെ ജോലികളും പുരോഗമിക്കുകയാണ്.

വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾക്ക് ഗതാഗത തടസമില്ലാത്ത രീതിയിൽ ജോലികൾ ചെയ്തു തീർക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. കളക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായിട്ടാണ് കാനനിർമ്മാണം നടക്കുന്നത്. റോഡിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെ ഗ്യാസ് ലൈൻ ഇടുന്ന ജോലികളും നടക്കുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ അറ്റകുറ്റപണികളും ഇവിടെ പുരോഗമിക്കുകയാണ്. റോഡ് കുഴിയെടുത്താണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മഴവെള്ളവും ചെളിയും മൂലം റോഡിൽ യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെളി സമീപത്തെ സർവ്വീസ് റോഡിലും വ്യാപിക്കുന്ന അവസ്ഥയാണുള്ളത്.

കാന നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് റോഡിൻ്റെ സൈഡിലുണ്ട്. ഇതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മൂന്ന് പ്രവർത്തനങ്ങളും മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കാന നിർമ്മാണം പൂർത്തിയാകുന്ന സാഹചര്യത്തിൽ റോഡ് ടൈൽ വിരിച്ചോ ടാറിംങ്ങ് നടത്തിയോ ഗതാഗത യോഗ്യമാക്കുന്നതാണെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.