കൊച്ചി: ലഹരിയുടെ അപകടങ്ങൾക്കെതിരെ സർക്കാരും പൊതുജനങ്ങളും ഒരേ മനസോടെ നീങ്ങണമെന്ന് സിനിമാ താരം വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ സഹകരണത്തോടെ ജില്ലാ സ്പോർട്സ് കൗൺസിൽ പുറത്തിറക്കിയ ഹൃസ്വചിത്രത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ലഹരിയുടെ ദൂഷ്യവശങ്ങൾ ഇന്ന് സമൂഹത്തെ കാർന്ന് തിന്നുകയാണ്.
പുതുതലമുറ വലിയ തോതിൽ ഇതിന് അടിമകളായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇതിനെതിരെ ബോധവൽക്കരണമുൾപ്പടെയുള്ള കൂട്ടായ നടപടികൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോർട്ട് സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ മുഖ്യാതിഥിയായി. അസി.എക്സൈസ് ഇൻസ്പെക്ടർ പി.എ. വിജയൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ലോക്ക്ഡൗണ്‍ കാലത്ത് തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിൽ അഖില്‍ ആന്‍ഡ്രൂസാണ് അഭിനയിച്ചിരിക്കുന്നത്.
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിമുക്തി മിഷൻ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ഫൈസലാണ്. സഹസംവിധാനം ഷെല്ബിന് ഡിഗോയും ക്യാമറ ആദര്‍ശ് ടി.ജെയും എഡിറ്റിങ് കൃഷ്ണകുമാര്‍ മാരാരും നിര്‍വഹിക്കുന്നു. ലഹരി വിമുക്ത സന്ദേശവുമായി ഷൈജു ദാമോദരനും ഹ്രസ്വചിത്രത്തിലെത്തുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജെ.ആര് രാജേഷ്, വൈസ് പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.