ഒരു കോടി 40 ലക്ഷം രൂപയുടെ വാർഷിക പദ്ധതിയുമായി ചാവക്കാട് നഗരസഭ. നഗരസഭാ പരിധിയിലെ തെരുവു വിളക്കുകൾ മാറ്റി എൽഇഡി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും. പതിനഞ്ചാം വാർഡിലെ സഹകരണ റോഡിൽ കാണുന്ന നിർമ്മാണ പ്രവർത്തനത്തിനായി 38 ലക്ഷം രൂപയുടെ ടെൻഡർ അംഗീകരിച്ചു.

കൂടാതെ പച്ചക്കറി മാർക്കറ്റിൽ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണത്തിന് 30 ലക്ഷവും നഗരസഭയിലെ വിവിധ വാർഡുകളിലെ റോഡ് നിർമ്മാണങ്ങൾക്കായി 22ലക്ഷം രൂപയുടെ ടെൻഡറുകളും അംഗീകരിച്ചു. 4, 13, 17, 26, 32 വാർഡുകളിലെ പൊതുവഴി ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കാനും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

മണത്തല ജിഎച്ച്എസ്എസ് വിദ്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് ലൈബ്രേറിയനെ നിയമിക്കും.
ചാവക്കാട് നഗരസഭയിൽ നടപ്പിലാക്കുന്ന സ്വച്ച് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ രൂപരേഖ ഭേദഗതി വരുത്തിക്കൊണ്ട് സ്വീകരിച്ചു. റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, കിച്ചൻ ബിൻ, ബയോഗ്യാസ് പ്ലാന്റ്, ബയോ ഡയ്ജസ്റ്റർ പ്ലാന്റ്, ഒരു വാർഡിന് 46350 രൂപ നിരക്കിൽ ഹരിത കർമ്മസേനക്ക് ഫണ്ട് എന്നിവയും ഈ പദ്ധതി മുഖേന നഗരസഭയിൽ നടപ്പിലാക്കും.

ചാവക്കാട് നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, കുടുംബശ്രീ സെക്രട്ടറി സി. എൻ ലളിത എന്നിവർ പങ്കെടുത്തു.
തുടരും