യുവസമൂഹത്തിന് ദിശാബോധം നൽകാനും അവരെ ഭാവി നേതാക്കൻമാരായി വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

2018ലെ മഹാപ്രളയവും 2019ലെ കാലവർഷക്കെടുതികളും നേരിടുന്നതിൽ നമ്മുടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജന സമൂഹം അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇവരുടെ ത്യാഗമനോഭാവവും മനുഷ്യസ്‌നേഹവും വിവിധ രംഗങ്ങളിലുള്ള വൈദഗ്ധ്യവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് 3,43,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഈ വർഷം ജനുവരി ഒന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇതിന് യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതിനകം തന്നെ 3,47,000 പേർ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു. ഇവരിൽ വലിയ പങ്ക് 18നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാർക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നൽകുക, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെപ്പറ്റിയും അറിവ് നൽകുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കൾക്ക് പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡർഷിപ്പ് അക്കാദമിക്ക് ഉണ്ട്.

ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള വിശദമായ നിർദേങ്ങൾ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടർ അമിത് മീണയെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. വിദഗ്ധർ ഉൾപ്പെടുന്ന ഗവേണിങ് ബോർഡ് ഇതിനു വേണ്ടി രൂപീകരിക്കും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കുന്നതിന് കുട്ടികൾക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകി. കെഎസ്എഫ്ഇ ‘വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 54.94 ശതമാനമാണ് പാഠപുസ്തക വിതരണം നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പാഠപുസ്തക വിതരണം പൂർത്തിയായി. 2020-21 അധ്യയന വർഷത്തിലെ പാഠപുസ്തകവിതരണം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്.

പത്തനംതിട്ടയിൽ 48 ശതമാനം,  കോഴിക്കോട് 38 ശതമാനം, കോട്ടയം 27.69 ശതമാനം, കണ്ണൂർ 23.50 ശതമാനം എന്ന തോതിലാണ് വിതരണം നടന്നിട്ടുള്ളത്.  കാസർകോട് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്.  പാഠപുസ്തകങ്ങൾ സമ്പൂർണ്ണമായി 15 ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 2364/2020