തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച  16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23 ന് അജ്മാനിൽ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24 ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25 ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19 ന് യു.എ.ഇ.യിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.

രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19322 പേരിൽ 19133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 10 പേരേയാണ് ബുധനാഴ്ച  ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്.

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 23 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. രോഗമുക്തരായ 245 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. 1031 പേരെ ബുധനാഴ്ച (ജൂലൈ 01) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച  747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 10409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതിൽ 9617 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 792 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 3661 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച  382 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44111 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 187 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച (ജൂലൈ 01) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 464 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

മൂന്ന് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ കൂടി
കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 11, 12 വാർഡുകൾ, തൃശൂർ കോർറേഷനിലെ 51ാം ഡിവിഷൻ എന്നിവ പുതിയ കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിട്ടു. കാട്ടകാമ്പാൽ, വെള്ളാങ്കല്ലൂർ, കടവല്ലൂർ ഗ്രാമപഞ്ചായത്തുകൾ, കുന്ദംകുളം നഗരസഭ എന്നിവയിലെ മുഴുവൻ പ്രദേശങ്ങളേയും തൃശൂർ കോർപ്പറേഷനിലെ മൂന്ന്, 32 ഡിവിഷനുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.

അതേസമയം, തൃശൂർ കോർപറേഷനിലെ 35, 36, 39, 48, 49, 51 ഡിവിഷനുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ വാർഡുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 വാർഡുകളിലും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.

കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ
കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ഇവയാണ്. അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ സാധനങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾക്കൊഴികെയുള്ളവരുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കും.

കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടുന്ന കോടതികൾ, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന കാര്യാലയങ്ങൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളും കണ്ടെയ്ൻമെൻറ് സോണായി നിലനിൽക്കുന്ന കാലയളവിൽ പ്രവർത്തിക്കുന്നത് അനുവദനീയമല്ല. പ്രവർത്തനാനുമതി നൽകിയ കാര്യാലയങ്ങൾ സംസ്ഥാന സർക്കാർ ഉത്തരവിലെ മാനദണ്ഡപ്രകാരം ഏറ്റവും കുറവ് ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കണം.

ബാങ്കിംഗ് സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ ഉച്ച രണ്ട് മണി വരെ പരമാവധി പകുതി ജീവനക്കാരെ മാത്രം ജോലിക്ക് നിയോഗിച്ച് പ്രവർത്തിക്കണം. ഒരേസമയം, മൂന്ന് ഉപഭോക്താക്കൾക്ക് മാത്രം സ്ഥാപനത്തിനകത്ത് പ്രവർത്തനാനുമതി നൽകണം.
കൂടാതെ, പൊതുസ്ഥലങ്ങളിലലും പൊതുസ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.

പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അനുവദനീയമായ സ്ഥാപനങ്ങളിൽതന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ പാടില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ മാത്രം പ്രവർത്തിക്കാം. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കാനായി അന്യസംസ്ഥാനങ്ങളിൽനിന്നും ഒരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല.

വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാനടപടികൾ കൂടി സ്വീകരിക്കുമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.