എറണാകുളം: കോവിഡ് – 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ ലഭ്യമാക്കി ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാർത്ഥികൾ മാതൃകയാകുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡയറികൾ
മാറാടി ഗ്രാമപഞ്ചായത്തിലും മൂവാറ്റുപുഴ ടൗണിലും വിതരണം ചെയ്തു.
സ്കൂൾ പരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും വ്യാപാരികൾക്കുമാണ് ആദ്യഘട്ടത്തിൽ ഡയറി നൽകിയത്. കടകളിൽ വരുന്നവരുടെയും വാഹനത്തിൽ കയറുന്നവരുടെയും വിശദാംശങ്ങൾ എഴുതി സൂക്ഷിക്കുന്നതിന് വിദ്യാർത്ഥികളും അധ്യാപകരും ഡയറി വിതരണത്തിലൂടെ സാഹചര്യമൊരുക്കുകയാണ്. വാഹനത്തിൻ്റെ ഡ്രൈവറും, കടകളിൽ ഉടമയോ തൊഴിലാളിയോ ആയിരിയ്ക്കണം ഈ ഡയറി എഴുതേണ്ടത്. തീയതി, സമയം, പേര്, മേൽവിലാസം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തണം. ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും സഹകരണത്തോടെയാണ് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഡയറി വിതരണം.
ഡയറി വിതരണത്തിലൂടെ സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്കും പങ്കാളിയാകാൻ കഴിയുന്നുവെന്ന് നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വിപുൽ മുരളി പറഞ്ഞു. മുവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാറിന് ഡയറി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതാ ശിവൻ, വൈസ് പ്രസിഡൻ്റ് കെ.യു ബേബി, പഞ്ചായത്ത് അംഗങ്ങളായ മുരളി കെ.എസ്, ബാബു തട്ടാർക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പി.ടി.എ പ്രസിഡൻ്റ് പി.ടി അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി.അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, രതീഷ് വിജയൻ, സ്കൂൾ കൗൺസലർ ഹണി വർഗീസ്, പൗലോസ് റ്റി എന്നിവരാണ് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.