എറണാകുളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച കോവിഡ് ആന്റിജൻ ടെസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവർത്തനം കളക്ടർ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജൻ പരിശോധനക്ക് വിധേയരാകുന്നത്.

പരിശോധിച്ച് അര മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. ആന്റിജൻ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും.

യാത്രക്കാർ കൂടുതൽ ആയി എത്താൻ തുടങ്ങിയ സാഹചര്യത്തിൽ വിമാനത്താവളത്തിലെ മറ്റു പ്രവർത്തനങ്ങളും കളക്ടർ വിലയിരുത്തി. സി. ഐ. എസ്. എഫ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ കർശന നിർദേശം നൽകി. സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും താമസ സ്ഥലങ്ങളിലും ക്യാന്റീനിലും ആൾകൂട്ടം ഉണ്ടാവാതിരിക്കണമെന്നും കളക്ടർ അറിയിച്ചു.

പൊതുജനങ്ങളുമായി ഇടപെടുമ്പോളും സഹപ്രവർത്തകരുമായി ഇടപെടുമ്പോളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. രോഗ ലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ദിവസേന രോഗലക്ഷണങ്ങൾ പരിശോധിക്കണമെന്നും കളക്ടർ നിർദേശം നൽകി.