എറണാകുളം  ജില്ലയിലെ വിദ്യാർത്ഥികളെല്ലാം ഓൺലൈനിൽ

എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഫസ്റ്റ് ബെൽ മുഴുവൻ വിദ്യാർത്ഥികളിലേക്കും എത്തിച്ച് എറണാകുളം ജില്ല. ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും പല മാധ്യമങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുക്കുന്നതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓരോ വിദ്യാലയങ്ങളിലെയും പ്രധാന അധ്യാപകരുടെ വിശകലന റിപ്പോർട്ടിൽ പഠനോപാധികളില്ല എന്ന പരാതി കഴിഞ്ഞ രണ്ടാഴ്ചയായി പൂജ്യത്തിലാണ്.

ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ 7000 പരാതികളാണ് പഠിക്കാൻ മാർഗമില്ലെന്ന് കാണിച്ച് ജില്ലാ ഓഫീസിൽ എത്തിയത്. പല തരത്തിലുള്ള പരാതികൾക്കാണ് ജില്ലാ ഭരണകൂടം ഒരു മാസത്തിനുള്ളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരം കണ്ടെത്തിയത്. വിദ്യാഭ്യാസ ജില്ലാ ഓഫീസ് മുഖേനയും ഉപജില്ലാ കേന്ദ്രങ്ങൾ വഴിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വൈദ്യുതിയില്ല എന്ന പരാതി മുതൽ കേബിൾ കണക്ഷനില്ല , നെറ്റ് വർക്ക് ഇല്ല തുടങ്ങിയ പരാതികളും പരിഹരിക്കപ്പെട്ടു. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും സഹകരിച്ചപ്പോൾ ഓരോ ദിവസവും പരാതികളുടെ എണ്ണം കുറയ്ക്കാനായി. കമ്മ്യൂണിറ്റി പഠന മുറികൾ ഒരുക്കുക വഴി കൂടുതൽ പേർക്ക് ഒരേ സമയം സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. 12 ൽ താഴെ കുട്ടികൾക്കാണ് ഒരു സമയം ഒരു പഠനമുറി തയാറാക്കിയത്.

അംഗനവാടികൾ, വായനശാലകൾ, ക്ലബുകൾ എന്നിവയിലെല്ലാം വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകി. വിക്ടേഴ്സ് ചാനലിൽ ലഭിക്കുന്ന ക്ലാസുകളാണ് കമ്മ്യൂണിറ്റി ക്ലാസുകളിൽ നൽകിയത്. ഇവിടെയും എത്താൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ വീടുകളിലെത്തി ക്ലാസുകൾ നൽകി.

ഒരാഴ്ചയിലെ ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് ഫോണുമായി വീട്ടിലെത്തിയാണ് അധ്യാപകർ ക്ലാസ് നൽകിയത്. 124 ടെലിവിഷൻ സെറ്റുകൾ, 230 ടാബുകൾ, 53 സ്മാർട്ട് ഫോണുകൾ, 1036 നെറ്റ് വർക്ക് കണക്ഷനുകൾ എന്നിവ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകി. 335 കുട്ടികൾക്ക് അധ്യാപകർ വീടുകളിലെത്തി ക്ലാസുകൾ നൽകി.

524 വിദ്യാർത്ഥികൾക്ക് സ്കൂളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ക്ലാസുകളെടുത്തു. 7596 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ട ക്ലാസുകൾ ആരംഭിച്ചപ്പോൾ സൗകര്യങ്ങൾ നൽകിയത്. ജില്ലയിൽ 1313 വിദ്യാർത്ഥികൾ കമ്യൂണിറ്റി പഠനമുറികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. 99 കമ്മൂണിറ്റി പഠനമുറികളാണ് ജില്ലയിലുള്ളത്. ആലുവ വിദ്യാഭ്യാസ ജില്ലയിൽ മാത്രം 18 പഠനമുറികളുണ്ട്.

വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ സോളാർ പാനലിൻ്റെ സഹായത്തോടെ പഠനമുറികൾ ഒരുക്കി. ജില്ലാ ഭരണകൂടത്തിനു പുറമെ, ജില്ലാ പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് , പട്ടികവർഗ്ഗ വികസന വകുപ്പ്, കെ.എസ്.ഇ.ബി, വ്യവസായ വകുപ്പ് , ജനപ്രതിനിധികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ വിജയിച്ചത്.