കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന്റെ ആഭിമുഖ്യത്തിൽ രൂപകൽപന ചെയ്ത ആൾനൂഴി (മാൻഹോൾ) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് വെള്ളയമ്പലം ജലഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും.
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിലെ ആൾനൂഴികൾ ശുചിയാക്കുന്നത് ‘ബൻഡിക്കൂട്ട്’ എന്നുപേരിട്ട ഈ യന്ത്രമനുഷ്യനെ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി. തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആൾനൂഴി വൃത്തിയാക്കുന്ന തൊഴിലിന് മാന്യത കൈവരുത്തുകയെന്നതും യന്ത്രമനുഷ്യന്റെ ഉപയോഗം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ശുചീകരണതൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുകൊണ്ടുതന്നെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യം. യന്ത്രത്തിന്റെ യൂസർ ഇൻർഫേസ് കൂടുതൽ ലളിതമാക്കുംവിധം ഭാവിയിൽ കൂടുതൽ പരിഷ്‌കാരങ്ങളുണ്ടാകും. ജല അതോറിറ്റി എം.ഡി എ. ഷൈനമോൾ സ്വാഗതവും ജന്റോബോട്ടിക്സ് സി.ഇ.ഒ എം.കെ. വിമൽ ഗോവിന്ദ് റിപ്പോർട്ടും അവതരിപ്പിക്കും. മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, സ്റ്റാർട്ട് അപ്പ് മിഷൻ ഡയറക്ടർ ഡോ. സജി ഗോപിനാഥ്, വാർഡ് കൗൺസിലർ ഐഷാ ബേക്കർ തുടങ്ങിയവർ സംബന്ധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീന ആശയങ്ങളെ പ്രായോഗിക ഉത്പന്നങ്ങളായി മാറ്റുന്നതിന് ജലവിഭവ വകുപ്പ് സ്റ്റാർട്ടപ്പ് മിഷനുമായി കൈകോർത്താണ് കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോൺ രൂപീകരിച്ചത്. ആദ്യസംരംഭമായാണ് ജന്റോബോട്ടിക്സ് എന്ന യുവസംരംഭക സ്ഥാപനമാണ് റോബോട്ട് നിർമിച്ചത്. പൈപ്പ് പൊട്ടൽ, കുഴലുകൾക്കുള്ളിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവ മൂലം ജലവിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരവും ഇന്നവേഷൻ സോണിന്റെ പരിഗണനയിലുണ്ട്.