കൊച്ചി: എറണാകുളം പാര്‍ക്ക് അവന്യൂവിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമായി പുതിയ പേ ആന്റ് പാര്‍ക്ക്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ അടുക്കുന്ന ബോട്ടുജെട്ടി ടെര്‍മിനലിന് മുന്‍വശത്താണ് വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10 മുതല്‍ ഇവിടെ ഒരേസമയം 60 കാറുകളും 100 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനാകും. ജില്ലാ ടൂറിസം കൗണ്‍സിലിനും കുടുംബശ്രീയ്ക്കുമാണ് പാര്‍ക്കിങിന്റെ ചുമതലയെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ബോട്ടുജെട്ടി, കെ.എസ്.ആര്‍.ടി.സിയുടെ ജെട്ടി സ്റ്റാന്റ്, പാര്‍ക്കുകള്‍, ജനറല്‍ ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിലേക്കെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കളക്ടര്‍ ഇടപെട്ട് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി സ്ഥലം ഒരുക്കിയത്. ഒരു മണിക്കൂര്‍ സമയത്തേക്കുള്ള പാര്‍ക്കിങ് നിരക്കുകള്‍: ഇരുചക്രവാഹനം – അഞ്ചു രൂപ, കാര്‍ – 20 രൂപ, ടെമ്പോ ട്രാവലര്‍ 50 രൂപ, മിനി ബസ് – 75 രൂപ, ടൂറിസ്റ്റ് ബസ് – 100 രൂപ.