മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി.
ചേളാരിയിലെ ജലസംഭരണി യുടെ നിര്‍മ്മാണം 90 ശതമാനവും മൂന്നിയൂര്‍ പാറക്കാവിലെ ടാങ്ക് പ്രവൃത്തി 40 ശതമാനവും പൂര്‍ത്തിയായി. പമ്പ് ഹൗസില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പാറേക്കാവില്‍ ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ജലനിധി പ്രൊജക്ട് കമ്മീഷണര്‍ എ. നസീം പറഞ്ഞു.
മൂന്നിയൂര്‍ പഞ്ചായത്തിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ കുണ്ടംകടവില്‍ മഴ വിട്ടു നിന്നാലുടന്‍ കിണര്‍ നിര്‍മാണ പ്രവൃത്തി പുന:രാരംഭിക്കും.
സമ്പൂര്‍ണ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ മൂന്നിയൂരില്‍ ജലനിധി പദ്ധതിയാണ്  നടപ്പാക്കുന്നത്. ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കാണ് പാറക്കാവില്‍ സ്ഥാപിക്കുന്നത്. ചേളാരിയിലെ ടാങ്കിന് നാലര ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുണ്ട്. കിണര്‍, ശുദ്ധീകരണ പ്ലാന്റ്, പ്രധാന പമ്പിങ് ലൈന്‍ എന്നിവയ്ക്ക് 5.15 കോടിയും ചേളാരിയിലെ ടാങ്കിനും മണ്ണട്ടാംപാറയിലെ വാട്ടര്‍ ബൂസ്റ്റിങ് സ്റ്റേഷനുമായി 2.70 കോടിയും പൈപ്പ് ലൈന്‍ പൂര്‍ണമായും സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 12.27 കോടിയും വിനിയോഗിക്കും.
മൂന്നിയൂര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി 5,471 ലധികം കുടുംബങ്ങളാണ്  ഗുണഭോക്തൃ വിഹിതം നല്‍കിയിട്ടുള്ളത്. ഇത്രയും കുടുംബങ്ങള്‍ ഒരു പഞ്ചായത്തില്‍ തന്നെ ജലനിധിയില്‍ അംഗമാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. പദ്ധതി നിര്‍വഹണ ചെലവിന്റെ പത്ത് ശതമാനം ഗുണഭോക്താക്കളും പതിനഞ്ച് ശതമാനം പഞ്ചായത്തും 75 ശതമാനം ജലനിധിയുമാണ് വഹിക്കുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 70 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 171 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ചേളാരിയിലെ ടാങ്കില്‍ നിന്നും ഒന്ന് മുതല്‍ ആറ് വരെ വാര്‍ഡുകളിലേക്കും  ചേളാരി, പടിക്കല്‍, ചെര്‍ണ്ണൂര്‍, വെളിമുക്ക് ഭാഗങ്ങളിലേക്കും വെള്ളം വിതരണം ചെയ്യും. പാറേക്കാവില്‍ നിന്നും  തലപ്പാറ, മൂന്നിയൂര്‍, പാറക്കടവ്, വെളിമുക്ക് എന്നിവിടങ്ങളിലേക്കുമാണ് വെള്ളമെത്തിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ജലനിധി പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.