തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കായി പുതിയ പരിശോധന സംവിധാനം നിലവിൽ വന്നു. പ്രോകാൽസിടോണിൻ, ഇന്റർ ലൂകിൻ -6 എന്നീ രണ്ട് ലാബ് പരിശോധനയിലൂടെ കോവിഡ് രോഗികൾക്ക് മുൻകൂട്ടി നിലവിലെ ആരോഗ്യ സ്ഥിതി എന്തെന്ന് അറിയാവുന്നതാണ് പുതിയ സംവിധാനം.
കോവിഡ് െൈവറസ് രോഗം തീവ്രതയിലായി, രോഗി അപകടത്തിൽ എത്തുന്നതിനു മുമ്പേതന്നെ, രോഗതീവ്രതയെ കുറിച്ച് സൂചന നൽകുന്ന, അത്യാധുനിക പരിശോധനയാണിത്
കേരളത്തിൽ ആദ്യമായിട്ടാണ് ഗവ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കയായി ഇത്തരം പരിശോധനാ സംവിധാനമൊരുക്കുന്നത്. രോഗം മൂർച്ഛിക്കുന്നതിനെ തുടർന്ന്, അക്യൂട്ട് കെയർ ഐസിയു, വെന്റിലേറ്റർ,എന്നീ സംവിധാനങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി പ്രത്യേക പരിശോധനയിലൂടെ, രോഗ തീവ്രത അറിയാനുള്ള രക്തപരിശോധനയാണ് ഈ നൂതന സംരംഭം.
ഇതിൽ ഐഎൽ-6 പരിശോധന വഴി, കോവിഡ്-19 രോഗിയുടെ ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന, കടുത്ത ന്യൂമോണിയ, സൈറ്റോ കയിൻ സ്റ്റോം ഗ്രേഡ് 3-4, എന്നിവയ്ക്ക് ജീവൻരക്ഷാ മരുന്നായി കണക്കാക്കുന്ന വിലയേറിയ ടോസിലിസീമാബ് ഇഞ്ചക്ഷൻ നൽകുന്നതിന്റെ ആവശ്യകത നേരത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്. ഗവ മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ള, രോഗികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തും.
മെഡിക്കൽ കോളേജ് ആശുപത്രി സെൻടൽ ലാബിലെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലാണ് കൊറോണ രോഗ ചികിത്സക്ക് വളരെയധികം സഹായകമാകുന്ന വിവിധ തരം പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്. മനുഷ്യന്, ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ വരുന്ന വിവിധ രോഗങ്ങളുടെ, തീവ്രത അറിയുന്നതിനും, അതിനനുസരിച്ച് മുൻകൂട്ടി ചികിത്സ നിശ്ചയിക്കുന്നതിനും ഈ പരിശോധന ഉപകാരപ്രദമാകും. വളരെയേറെ ചിലവേറിയ ഇത്തരം പരിശോധനകൾ തികച്ചും സൗജന്യമായിട്ടാണ് കൊറോണ രോഗികളുടെ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിൽ തുടങ്ങിയിട്ടുള്ളത്.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ, കോവിഡ് വാർഡുകളിൽ ചികിത്സ തേടുന്ന രോഗിക്കായി വേണ്ടി 24 മണിക്കൂറും പരിശോധന സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റു പതിവു പരിശോധനകളും കൊറോണ രോഗ ചികിത്സയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകളും വിവിധ ലാബുകളിൽ സമയബന്ധിതമായി ചെയ്തുവരുന്നു. ന്യൂതന പരിശോധന സംവിധാനം, ആരംഭിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം എ ആൻഡ്രൂസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ജനറൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. എൻ വി ജയചന്ദ്രൻ, ബയോകെമിസ്ട്രി വകുപ്പ് മേധാവി ഡോ. ഗീത ദാമോദരൻ, ആർഎംഒ ഡോ. സി പി മുരളി, ഡോ. ഷാജി എസ് നായർ എന്നിവർ താല്പര്യമെടുത്താണ് പുതിയ പരിശോധന സംവിധാനം ഒരുക്കിയത്.