മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എലപ്പുള്ളി ആശുപത്രിയിലേയ്ക്ക് വെന്റിലേറ്റര്‍ കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി വെന്റിലേറ്റര്‍ സംബന്ധമായ രേഖകള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവിയ്ക്ക് കൈമാറി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും  മലമ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കേന്ദ്രീകരിച്ച് എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ട് ചെലവഴിക്കാന്‍ സാധിച്ചതായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി എട്ട് ലക്ഷംരൂപയാണ് ചെലവഴിച്ചതെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി എന്‍. അനില്‍കുമാര്‍ അറിയിച്ചു. ഇതില്‍ നിന്നും 30 ലക്ഷംരൂപ ചെലവഴിച്ച് എലപ്പുള്ളി ആശുപത്രിയില്‍ ഐസി യൂണിറ്റിന്റെയും ലാബിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവില്‍ വെന്റിലേറ്റര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ജില്ലാ ആശുപത്രിയിലേയ്ക്കും വി.എസ്. ഫണ്ട് വിനിയോഗിച്ച് ഒരു വെന്റിലേറ്റര്‍ നല്‍കിയിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ. രാജന്‍, ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.