ഇടുക്കി: കാലവര്‍ഷത്തില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാകുന്ന കിഴക്കുംമലയാറിലെ തകര്‍ന്ന തടിപ്പാലത്തിനു പകരം നാട്ടുകാര്‍ക്ക് പുതിയപാലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ കിഴക്കേമേത്തൊട്ടി – കിഴക്കുംമല ദേവീക്ഷേത്രം റോഡിലെ പാലം പണി പൂര്‍ത്തിയായതാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
പി.ജെ.ജോസഫ് എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 29.5 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പിന്നോക്ക വികസന ഫണ്ടിലെ 11 ലക്ഷം രൂപ ഉപയോഗിച്ച് ഇവിടേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതോടെ നൂറിലധികം വീടുകളുള്ള ആദിവാസി മേഖലയില്‍ ഉറപ്പുള്ള പാലവും റോഡും യാഥാര്‍ത്ഥ്യമായത്.
പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് വഴി മലവെള്ളത്തെ ഭയക്കാതെ കുട്ടികളടക്കമുള്ള നാട്ടുകാര്‍ക്ക് മറുകരയെത്താന്‍ കഴിയുമെന്നായി.
ഇടുക്കി എം.പി അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ സാന്നിദ്ധ്യത്തില്‍ മുന്‍ മന്ത്രി കൂടിയായ പി.ജെ ജോസഫ് എം.എല്‍.എ. പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.
വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്, ഗൗരി സുകുമാരന്‍, എം.മോനിച്ചന്, അക്കാമ്മ മാത്യു, ടെസി മോള് മാത്യു, മോഹന്‍ദാസ് പുതുശേരി, ലളിതമ്മ വിശ്വനാഥന്, ഷമീന കാസിം, അഞ്ജു സി.ജി, രാജു ഓടയ്ക്കല്‍, അശോക് കുമാര്‍ കൈക്കല്‍, ജെയ്സണ്‍ കുര്യാക്കോസ് ,എ.എക്സ്.ഇ. ദീപ റ്റി.ആര്, എ.ഇ ശ്രീദേവി.കെ എന്നിവര്‍ പ്രസംഗിച്ചു.