കോന്നി ഗവ.മെഡിക്കല്‍ കോളജിന് വ്യവസ്ഥകളോടെ പരിസ്ഥിതി അനുമതി നല്‍കാന്‍ പരിസ്ഥിതി വിലയിരുത്തല്‍ സമിതി ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും.

പരിസ്ഥിതി സമിതി ശുപാര്‍ശ ഉണ്ടായ സാഹചര്യത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരും, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥരും, നിര്‍മാണ കമ്പനി അധികൃതരും ഉള്‍പ്പടെ പങ്കെടുത്ത് ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും, സൂപ്രണ്ട് ഓഫീസും ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജിന് ആവശ്യമായ വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷ വെള്ളിയാഴ്ച സമര്‍പ്പിക്കും. ജൂലൈ – 30 ന് മുന്‍പായി മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ലഭ്യമാക്കും. വാങ്ങേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് തയാറാക്കി അടിയന്തിരമായി സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫീസറെയും, സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി. വെള്ളിയാഴ്ച തന്നെ ജില്ലാ കളക്ടര്‍ ഇതിനുള്ള ഭരണാനുമതി നല്‍കും.

പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ  ജീവനക്കാരെ താല്ക്കാലികമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി റിക്രൂട്ട് ചെയ്യും. മെഡിക്കല്‍ കോളജ് സ്ഥലത്ത് പൊട്ടിച്ചു കൂട്ടിയിട്ടിരിക്കുന്ന കല്ലിന്റെ റോയല്‍റ്റി വ്യാഴാഴ്ച അടച്ച് വെള്ളിയാഴ്ചയ്ക്ക് മുന്‍പായി നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ എത്തിക്കും. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും.

മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി  ബസ് സര്‍വീസ്  ആരംഭിക്കും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അവലോകന യോഗം ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ചേരുമെന്ന് എംഎല്‍എ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസും നിരന്തരം പുരോഗതി വിലയിരുത്തുന്നുണ്ട്. ആഴ്ചതോറുമുള്ള അവലോകന യോഗത്തില്‍ ഇനി മുതല്‍ ജില്ലാ കളക്ടറും പങ്കെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു.

എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഡിഎംഒ ഡോ: എല്‍.ഷീജ, മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, പൊതുമരാമത്ത് -വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസര്‍മാര്‍, നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.