തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആന്റ്‌ മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷ ജില്ലയിൽ നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ കുട്ടികളെ തെർമൽ സ്‌കാനിംഗ് നടത്തിയ ശേഷമാണ് പരീക്ഷയ്ക്കു കയറ്റിയത്.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിച്ച് സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരീക്ഷയുടെ ഒന്നാംഘട്ടത്തിനു ശേഷം ശുചിമുറികൾ അണുവിമുക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളിൽ പ്രത്യേക ജാഗ്ര പുലർത്തിയിരുന്നു.

സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ നൽകാനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദ്ദേശങ്ങൾ നൽകാനുമായി ജില്ലാ ഭരണകൂടത്തിന്റെ ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സന്നദ്ധ സേവകർ ഇവിടങ്ങളിലുണ്ടായിരുന്നു. കണ്ടെയിൻമെന്റ് സോണിൽ നിന്നും പരീക്ഷയ്‌ക്കെത്തിയവർക്കായി പ്രത്യേക ക്ലാസ് മുറികൾ ഒരുക്കിയിരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി കോർപറേഷന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ സ്‌കൂൾ മുഴുവനായി അണുനശീകരണവും നടത്തിയിരുന്നു.