200 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണവും 20 ഡിഗ്രിയിൽ കൂടുതൽ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റർ വിസ്തീർണമുള്ള മഴക്കുഴികൾ നിർബന്ധമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും പറഞ്ഞു. കളക്ടറേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ഭൂഗർഭ ജലവിതാനം സംരക്ഷിക്കാനും വരൾച്ചയെ പ്രതിരോധിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. 100 ചതുരശ്ര മീറ്ററിൽ കൂടുതൽ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണി നിർബന്ധമാണ്. മഴക്കുഴികളും മഴവെള്ള സംഭരണികളും മെയ് 31 നകം കെട്ടിട ഉടമ സ്ഥാപിക്കണം. നഗരസഭ സെക്രട്ടറിമാർ അടക്കമുള്ള ബന്ധപ്പെട്ട ഉദേ്യാഗസ്ഥർ ഇവ പരിശോധിച്ച് എല്ലാ മാസവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.
ജില്ലയിൽ ജലസുരക്ഷ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജലസുരക്ഷാ പദ്ധതിക്കായി മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പാക്കും. ജലസ്രോതസുകളെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. ജലസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 200 കോടി രൂപ ചെലവിൽ ജലശ്രീ പദ്ധതി നടപ്പാക്കിവരുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇതിനകം ജില്ലയിൽ 1500 കുളങ്ങൾ പുതുതായി നിർമിച്ചു. മഴവെള്ളം സംഭരിക്കുന്നതിനായി കിണർ റീചാർജിംഗ് പദ്ധതികൾ നടപ്പാക്കി മുഴുവൻ സ്‌കൂളുകളിലും കിണർ റീചാർജിംഗ് പദ്ധതി നടപ്പാക്കുന്നു. സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ തീർക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂർത്തീകരിക്കും. സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണ്.
ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അനു എസ്. നായർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.