തമിഴ്നാട്ടിലെ പുഗലൂർ നിന്ന് തൃശൂർ മാടക്കത്തറയിലേക്ക് നിർമിക്കുന്ന എച്ച്.വി.ഡി.സി ലൈനും സബ്സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ടുകൊണ്ട് വൈദ്യുതി ഇറക്കുമതിശേഷി വർധിപ്പിക്കുന്നതിൽ ഈ സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച്.വി.ഡി.സി ലൈനും സബ്സ്റ്റേഷനും.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൈദ്യുതി മേഖലയിൽ എടമൺ കൊച്ചി പവർഹൈവേ അടക്കം വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്.

പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച്.വി.ഡി.സി സാങ്കേതികവിദ്യ ഫലപ്രദമാണ് എന്നു കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് സ്പെഷ്യൽ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സമയബന്ധിതമായി പദ്ധതി മുമ്പോട്ടുപോകുന്നത്. 2018 മെയ് മാസത്തിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 138 കിലോമീറ്റർ ഓവർഹെഡ് ലൈനും 27 കിലോമീറ്റർ യുജി കേബിളുമാണ് 320 കെവി ഡിസി ലൈനിൽ ഉള്ളത്. 90 ശതമാനം ജോലികളും പൂർത്തിയായി.

കൊവിഡ് 19 നിർമാണപ്രവർത്തനങ്ങളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും ഒക്ടോബറോടെ ഇത് പൂർത്തിയാകും. സബ്സ്റ്റേഷന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഒക്ടോബറിൽ ലൈൻ ചാർജ് ചെയ്യുന്നതോടെ സബ്സ്റ്റേഷൻ പ്രവർത്തന സജ്ജമാകും. ആകെ 1474 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാൻ കഴിയും. ഈ സർക്കാർ കാലത്ത് ആരംഭിച്ച് ഈ സർക്കാർ കാലത്തുതന്നെ പൂർത്തിയാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.