തിരുവനന്തപുരം ജില്ലയിലെ മൂന്നു തീരദേശ സോണുകളിൽ നിയോഗിക്കപ്പെട്ട ഇൻസിഡന്റ് കമാന്റർമാരുടെ സംയുക്ത യോഗം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കവടിയാർ ഗോൾഫ് ക്ലബ്ബിൽ സജ്ജീകരിച്ച സെൻട്രൽ കൺട്രോൾ റൂമിൽ ചേർന്നു. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഫീൽഡ് പ്രവർത്തനം നടത്തുന്ന പോലീസുകാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉപകരണങ്ങൾ നൽകാൻ കളക്ടർ തീരുമാനിച്ചു. ഇൻസിഡന്റ് കമാന്റർമാരുടെ മേൽനോട്ടത്തിലാകും വിതരണം. അതാത് സോണുകളിലെ പ്രവർത്തന പുരോഗതിയും നിലവിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനുമായി ഇൻസിഡന്റ് കമാന്റർമാർ മൂന്നു സോണുകളിലും വെവ്വേറെ യോഗങ്ങളും ചേർന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ സോണുകളിലും ഓരോ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു. വർക്കല ഗവ. ഗസ്റ്റ് ഹൗസിനെ സോൺ ഒന്നിന്റെ കൺട്രോൾ റൂമായും ചാക്ക വൈ.എം.എ ഹാളിനെ സോൺ രണ്ടിന്റെ കൺട്രോൾ റൂമായും പൂവാറിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനെ സോൺ മൂന്നിന്റെ കൺട്രോൾ റൂമായും സജ്ജീകരിച്ചിട്ടുണ്ട്.