പത്തനംതിട്ട: സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിച്ചുവരുന്ന  സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനായി എല്ലാവരുടെയും സഹകരണം   അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അടിസ്ഥാന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശ്രദ്ധാപൂര്‍വം  പാലിക്കുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, കൈകഴുകല്‍ എന്നിവയോട് ഉദാസീന സമീപനം  പുലര്‍ത്തുന്നവര്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. രോഗനിര്‍ണയത്തിനായി വിവിധ തരത്തിലുള്ള പരിശോധനകള്‍ ജില്ലയില്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

ആര്‍.റ്റി.പി.സി.ആര്‍ (റിയല്‍ ടൈം റിവേഴ്‌സ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേയ്‌സ്
പോളിമറൈസ്ഡ് ചെയിന്‍ റിയാക്ഷന്‍) പരിശോധന- ക്വാറന്റൈനിലുള്ള ആളുകള്‍ക്ക് രോഗമുണ്ടോ എന്ന് അറിയുന്നതിനും രോഗം ഭേദമായോ എന്ന് അറിയുന്നതിനും സാധാരണ നടത്തുന്ന പരിശോധനയാണിത്. അതത് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദേശിക്കുന്നതനുസരിച്ച് വേണം  ഈ പരിശോധനയ്ക്ക് ഹാജാരാകാന്‍.  പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സികളായ റാന്നി മേനാതോട്ടം, പന്തളം അര്‍ച്ചന എന്നിവിടങ്ങളില്‍ ഇതിനുവേണ്ടി സാമ്പിളുകള്‍ ശേഖരിക്കും. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഈ വിഭാഗത്തില്‍ ഇതുവരെ 21865 സാമ്പിളുകള്‍ ജില്ലയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.

റാപ്പിഡ് ആന്റിജന്‍ പരിശോധന: ഉറവിടം വ്യക്തമല്ലാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഈ പരിശോധന നടത്തും. പ്രൈമറി കോണ്‍ടാക്ടുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലും ഈ പരിശോധന നടത്തും. രോഗിയുമായി സമ്പര്‍ക്കമുണ്ടായി മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന നടത്തുന്നതാണ് ഫലം കൃത്യമാകാന്‍ ഏറ്റവും അനുയോജ്യം. 30 മിനിട്ടനകം പരിശോധനാഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 1010 സാമ്പിളുകളാണ് ഈ വിഭാഗത്തില്‍ ഇതുവരെ ജില്ലയില്‍ ശേഖരിച്ചിട്ടുള്ളത്.

ട്രൂനാറ്റ് പരിശോധന: ഗര്‍ഭിണികള്‍, അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമുള്ളവര്‍, മരണമടഞ്ഞവര്‍ എന്നിവരില്‍ രോഗബാധയുണ്ടോ എന്നറിയുന്നതിനാണ് ഈ പരിശോധന നടത്തുന്നത്. ഒന്നര മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. ഇത്തരത്തില്‍ 572 സാമ്പിളുകള്‍ ജില്ലയില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

സെന്റിനല്‍ സര്‍വൈലന്‍സ് : സമൂഹവ്യാപനമുണ്ടോ എന്നറിയുന്നതിന് നിശ്ചിതദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഈ പരിശോധന നടത്തും. ഇതിനായി ആരോഗ്യവകുപ്പിന് ജില്ലയില്‍ മൂന്ന് റാപ്പിഡ് ടെസ്റ്റ് വെഹിക്കിളുകള്‍ ഉണ്ട്. ശ്വാസകോശരോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, കോവിഡേതര ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, വിവിധ വകുപ്പുകളിലെ ഫീല്‍ഡ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹവുമായി കൂടുതല്‍ ഇടപഴകേണ്ടിവരുന്നവര്‍, അതിഥിസംസ്ഥാന തൊഴിലാളികള്‍, രോഗലക്ഷണങ്ങള്‍ ഇല്ലാത്ത യാത്രക്കാര്‍, അന്തര്‍സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്കമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരെയാണ് ഇതിനായി പരിഗണിക്കുന്നത്. ഈ വിഭാഗത്തില്‍ 7624 സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്.
കേരളത്തിന് പുറത്തേക്കോ രാജ്യത്തിന് പുറത്തേക്കോ പോകുന്നവര്‍ക്ക് ചില സ്ഥലങ്ങളില്‍ കോവിഡ് പരിശോധനാഫലം ആവശ്യമാണ്.  ഐ.സി.എം.ആര്‍ അംഗീകാരമുള്ള ലാബുകളുടെ ലെറ്റര്‍ ഹെഡിലുള്ള പരിശോധനാഫലമാണ് ഇതിന് വേണ്ടത്. ഇത് അക്രഡിറ്റഡ് പ്രൈവറ്റ് ലാബുകളില്‍ ലഭ്യമാണ്.