ഇടുക്കി: തൊടുപുഴ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) ബുധനാഴ്ച്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇതിന് മുന്നോടിയായുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.
വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപ്പാസിലെ ഉത്രം റിജന്‍സിയില്‍ പ്രവര്‍ത്തന സജ്ജമായ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് എം.പി. പറഞ്ഞു.
ഇതിനായി തൊടുപുഴയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തന സജ്ജമായ സി.എഫ്.എല്‍.റ്റി.സി. യില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാകും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ് എല്ലായിടത്തും ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തൊടുപുഴയില്‍ സി.എഫ്.എല്‍.റ്റി.സി. യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നഗരസഭയേയും ഇതിനായി കെട്ടിടം വിട്ട് നല്‍കിയ ഉത്രം റിജന്‍സി ഉടമയേയും എം.പി. അഭിനന്ദിച്ചു. തൊടുപുഴ നഗരസഭാദ്ധ്യക്ഷയും സെന്ററിന്റെ ചെയര്‍പേഴ്സണുമായ സിസിലി ജോസ്, തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ചാക്കോ, നോഡല്‍ ഓഫീസര്‍ ഡോ. ജെറി സെബാസ്റ്റ്യന്‍ എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.
കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ്
ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന
രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുംവരെ സെന്ററില്‍ തന്നെയാവും പാര്‍പ്പിക്കുക.
ഇതിനായി ഹാളുകളില്‍ തയ്യാറാക്കിയ ക്യാബിനുകളിലെ വൈദ്യുതീകരണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡോ.കെ.സി. ചാക്കോ പറഞ്ഞു.
സി.എഫ്.എല്‍.റ്റി.സി.; ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി
തൊടുപുഴയില്‍ പ്രവര്‍ത്തന സജ്ജമായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) സേവനം ചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ഒരു മാസത്തേക്ക് ജോലി ചെയ്യേണ്ട ഡോക്ടര്‍മാര്‍, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വോളന്റിയര്‍മാര്‍, ഫാര്‍മസിസ്റ്റ്, പബ്ളിക് ഹെല്‍ത്ത് സ്റ്റാഫ് എന്നിവര്‍ക്കാണ് സെന്ററിലെത്തിച്ച് പരിശീലനം നല്‍കിയത്.
ഇതില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് സീനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായിരുന്നു പരിശീലനം. തൊടുപുഴ നഗരസഭയാണ് ക്ലീനിംഗ് സ്റ്റാഫുകളെ ലഭ്യമാക്കിയത്. ഇവര്‍ക്കായി ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സും തൊടുപുഴ ഐസൊലേഷന്‍ വാര്‍ഡ് നഴ്സിംഗ് ഇന്‍-ചാര്‍ജ്ജുമായ സി.കെ.ഉഷാകുമാരിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.
പി.പി.ഇ. കിറ്റ് ധരിക്കല്‍, മാലിന്യ സംസ്‌കരണം, രോഗികള്‍ ഉപയോഗിച്ചതും സ്പര്‍ശിച്ചതുമായ വസ്തുക്കള്‍ അണുവിമുക്തമാക്കല്‍, കെട്ടിടത്തില്‍ അണു നശീകരണം നടത്തല്‍, രോഗബാധയേല്‍ക്കാതെയും പകരാതെയും പ്രവര്‍ത്തിക്കുന്നതിനും, മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതിരിക്കാനുമുള്ള പരിശീലനങ്ങളാണ് നല്‍കിയത്. പുരുഷ – വനിതാ വാര്‍ഡുകളിലേക്കായി പ്രത്യേകം ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയോഗിച്ചിരിക്കുന്നത്.