എറണാകുളം: പിറവം നിയമസഭ മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് കോടിരൂപയിലേറെ രൂപയുടെ ടൂറിസം പദ്ധതികൾക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസംവകുപ്പ് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇലഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂരുമല ടൂറിസം പദ്ധിയുടെ ഭാഗമായി പൂര്‍ത്തിയായ നടപ്പാത, വാച്ച് ടവര്‍, മണ്ഡപം, ഉദ്യാനം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിയുടെ ദുരിതകാലത്തിന് ശേഷം ടൂറിസം കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുനല്‍കും. പദ്ധതി പ്രദേശത്തെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾക്ക് ഗുണപരമായ മാറ്റം നല്‍കുമെന്ന് പറഞ്ഞ മന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ ഭാഗമാകാന്‍ പദ്ധതിക്ക് സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സമയബന്ധിതമായി പദ്ധതികൾ പൂര്‍ത്തിയാക്കി ടൂറിസംരംഗത്തെ ചലനാത്മകമാക്കുവാന്‍ ടൂറിസം വകുപ്പിനും നിര്‍വ്വഹണ ഏജന്‍സിയായ ഇലഞ്ഞി ഗ്രാമ പഞ്ചായത്തിനും സാധിച്ചു.
അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി എന്നിവർ പങ്കെടുത്തു.