സംസ്ഥാനതല ഉത്ഘാടനം വ്യാഴാഴ്ച

സംസ്ഥാനത്ത് 3000 ടൺ അധിക ഉൾനാടൻ മത്സ്യഉല്പാദനം വർദ്ധിപ്പിക്കുന്നതിനും  മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുന്നതിനുമായി 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിവിധ റിസർവോയറുകളിലും പുഴകളിലും നിക്ഷേപിക്കുമെന്ന് ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ  അറിയിച്ചു.

14 ജില്ലകളിലായി 56 ശുദ്ധജലാശയ/നദീ തീരകടവുകളിലും 44 ഓരു ജലാശയ/ കായൽ തീരകടവുകളിലും, അഞ്ച് ജില്ലകളിലെ 15 റിസർവോയറുകളിലുമായി 430 ലക്ഷം ഗുണമേൻമയേറിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. രണ്ട് പദ്ധതികളിലായി അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.  സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ  അളവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യോല്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് അധിക മത്സ്യോല്പാദനത്തിനായി പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് വീഡിയോ കോൺഫറൻസിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ,  പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി. കെ. രാമചന്ദ്രൻ, ഫിഷറീസ് സെക്രട്ടറി ടിങ്കു  ബിസ്വാൾ, ഫിഷറീസ്  ഡയറക്ടർ എം. ജി. രാജമാണിക്യം എന്നിവർ പങ്കെടുക്കും.

ഫിഷറീസ് മേഖലയെ സംബന്ധിച്ചിടത്തോളം മത്സ്യഉല്പാദനത്തിന് വളരെ സാദ്ധ്യതകൾ നിറഞ്ഞതാണ്  റിസർവോയറുകൾ.  പല രാജ്യങ്ങളിലും റിസർവോയർ മത്സ്യകൃഷിയിലൂടെ ഉല്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ 47 റിസർവോയറുകളിൽ 33 റിസർവോയറുകൾ മത്സ്യ ഉല്പാദനത്തിന്  ഉപയോഗിക്കാൻ കഴിയും.

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം, ബോധവൽക്കരണ ക്ലാസ്സുകൾ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി പിടിക്കുന്ന മത്സ്യങ്ങളുടെ  വിപണനത്തിനുള്ള  സൗകര്യം ഒരുക്കി കൊടുക്കൽ, തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കുട്ടവഞ്ചി, വലകൾ വാങ്ങി നൽകൽ  എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻവർഷത്തെ 12 റിസർവോയറുകൾക്ക് പുറമേ പത്തനംതിട്ട, തൃശ്ശൂർ, ഇടുക്കി,    കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 16 റിസർവോയറുകളിലാണ് ഈ വർഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.  തൃശ്ശൂർ ജില്ലയിലെ പീച്ചി, വാഴാനി റിസർവോയറുകൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നതുകൊണ്ട് തനത് മത്സ്യക്കുഞ്ഞുങ്ങളും മറ്റുള്ള റിസർവോയറുകളിൽ കാർപ്പ്  കുഞ്ഞുങ്ങളെയുമാണ്  നിക്ഷേപിക്കുന്നത്.

റിസർവോയറുകളിലൂടെ ലഭിക്കുന്ന 18,421 ഹെക്ടർ ജലാശയത്തിൽ 129.74 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.  5000 മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.  രണ്ട് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കാർപ്പുകൾ, പൂമീൻ, ആറ്റുകൊഞ്ച്, ചെമ്മീൻ മറ്റ് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെയും പുഴകളിൽ നിക്ഷേപിക്കുന്ന മത്സ്യശേഖരസമുദ്രരണ പദ്ധതിയും ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തുന്നത്.  300.26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുന്നത്.