കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും നിയന്ത്രിത മത്സ്യബന്ധനം. എല്ലാ ബോട്ടുകളും രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാം. കണ്ടെയിൻമെൻറ് സോണിലും മത്സ്യബന്ധനം നടത്താം. എന്നാൽ, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റുതീർക്കണം.

കണ്ടെയിൻമെൻറ് സോണിൽനിന്ന് മത്സ്യവിൽപനയ്ക്കായി പുറത്തേക്ക് പോകാൻ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങൾ മുഖേന മാർക്കറ്റിൽ എത്തിക്കും.
മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിർബന്ധമായും തിരിച്ചെത്തണം.

മത്സ്യലേലം പൂർണമായും ഒഴിവാക്കണം. ഹാർബറുകളിൽ ഹാർബർ മാനേജ്മെൻറ് സൊസൈറ്റികളും ലാൻഡിങ് സെൻററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിൻറെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവർത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.